‘ചന്ദ്രയാൻ 3ലെ ലാൻഡർ മൊഡ്യൂളിന്റെ ഡിസൈനർ ഞാൻ, നാസയുമായും ബന്ധം’: വ്യാജ ശാസ്ത്രജ്ഞൻ അറസ്റ്റിൽ
Mail This Article
സൂറത്ത്∙ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3ന്റെ ലാൻഡർ ഡിസൈൻ ചെയ്തെന്ന അവകാശവാദവുമായി രംഗത്തെത്തിയ വ്യാജ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നുള്ള നാൽപതുകാരനായ മിതുൽ ത്രിവേദിയാണ് ഗുജറാത്തിലെ സൂറത്തിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിക്രം ലാൻഡറിന്റെ ഡിസൈനറെന്ന പേരിൽ ഇയാൾ പ്രാദേശിക മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി പ്രശസ്തനായിരുന്നു. 2013 മുതൽ നാസയുമായി ബന്ധമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ട ഇയാളുടെ പക്കലുണ്ടായിരുന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎസ്ആർഒയിലെ എൻഷ്യന്റ് സയൻസ് ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ചെയർമാനാണെന്നു തെളിയിക്കുന്ന അപ്പോയ്ന്റ്മെന്റ് ലെറ്റർ ഇയാളുടെ കൈവശമുണ്ടായിരുന്നു. 2020 ഫെബ്രുവരി 26–ാം തീയതിയിലുള്ള ഈ കത്ത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡർ ഡിസൈൻ ചെയ്തത് താനാണെന്ന് അവകാശപ്പെട്ട് ഇയാൾ ചില പ്രാദേശിക മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. വിക്രം ലാൻഡർ കഴിഞ്ഞ ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ചരിത്രമെഴുതിയതിനു പിന്നാലെയായിരുന്നു ഇത്.
ഇയാളുടെ അവകാശവാദങ്ങളിൽ സംശയം തോന്നിയ ധർമേന്ദ്ര ഗാമിയെന്നയാളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സൂറത്ത് സിറ്റി പൊലീസ് കമ്മിഷണർ അജയ് തോമറിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തി അന്വേഷണത്തിലാണ് ഇയാൾ ‘വ്യാജ’നാണെന്ന് സ്ഥിരീകരിച്ചത്. ഇങ്ങനെയൊരാൾ അവിടെ ജോലി ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ച് പൊലീസ് ഐഎസ്ആർഒ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് ഇയാളുടെ കള്ളത്തരം വെളിച്ചത്തായത്. തുടർന്നായിരുന്നു അറസ്റ്റ്. ഐപിസി 417, 464, 468, 471 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരായ കേസ്.
English Summary: Gujarat man poses as ISRO scientist who designed Chandrayaan-3's lander module held