തിരുവോണ ദിവസം അവധിയില്ലാതെ ജോലി; ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ടെത്തി കണ്ട് മന്ത്രി വീണ
Mail This Article
തിരുവനന്തപുരം∙ തിരുവോണ ദിവസം അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രികള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എസ്എടിയിലും ജനറല്‍ ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണസമ്മാനവും നല്‍കിയാണ് മന്ത്രി മടങ്ങിയത്.
150ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളജിലും എസ്എടിയിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.നിസാറുദീന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും മന്ത്രി സന്ദര്‍ശനം നടത്തി. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ട മന്ത്രി, അവർക്ക് ഓണസദ്യ വിളമ്പാനും കൂടി.
അടുത്തിടെ മന്ത്രി ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോൾ ഇവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടല്‍ നടത്തി. 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ അന്നു കഴിഞ്ഞത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയാറായി. സാമൂഹ്യനീതി വകുപ്പും പുനരധിവാസം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ 69 പേരാണ് ജനറല്‍ ആശുപത്രിയില്‍ പുനരധിവാസം കാത്തു കഴിയുന്നത്.
English Summary: Health Minister Veena George Visit Health Workers at Hospitals on Onam Day