വ്യാഴത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ; 2019 ജൂലൈയിൽ ‘ജൂണോ’ പകർത്തിയ ചിത്രങ്ങൾ വൈറൽ
Mail This Article
ന്യൂയോർക്ക്∙ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍റെ, വാട്ടർകളർ പെയിന്റിങ്ങിനെ ഓർമിപ്പിക്കുന്ന സുന്ദര ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. നാസയുടെ വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. വ്യാഴത്തിനു ചുറ്റുമുള്ള അതിശക്തമായ കൊടുങ്കാറ്റുകളുടെ ദൃശ്യങ്ങൾ ഈ ചിത്രത്തിൽ കാണാം.
വ്യാഴത്തിന്‍റെ മേഘപാളികൾക്ക് 23,500 കിലോമീറ്റര്‍ (14,600 മൈൽ) മുകളില്‍ നിന്നാണ് ജൂണോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 2019 ജൂലൈയിൽ പകർത്തിയ ചിത്രങ്ങളാണ് ഇതെന്നും നാസ വ്യക്തമാക്കി. നാസ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. 16 മണിക്കൂർ മുൻപ് പങ്കുവച്ച ചിത്രങ്ങൾക്ക് ഇതിനകം ലഭിച്ചത് ഏഴു ലക്ഷത്തോളം ലൈക്കുകളാണ്.
2011 ഓഗസ്റ്റ് 5ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്നു വിക്ഷേപിച്ച ജൂണോ, അഞ്ചുവർഷത്തെ യാത്രയ്ക്കൊടുവിൽ 290 കോടി കിലോമീറ്റർ താണ്ടിയാണ് ഗ്രഹങ്ങളുടെ രാജാവായ ജൂപ്പിറ്ററിന്റെ (വ്യാഴം) ഭ്രമണപഥത്തിൽ പ്രവേശിച്ചത്. മനുഷ്യനിർമിതമായ ഒരു പേടകത്തിന്റെ ഏറ്റവും കൂടിയ വേഗതയിൽ, 2016ലാണ് ജൂണോ വ്യാഴത്തിനടുത്തെത്തിയത്. റോമൻ ദേവനായ ജൂപ്പിറ്ററിന്റെ ഭാര്യയായ ജൂണോ ദേവതയുടെ പേരാണു ദൗത്യത്തിന്.
ഹൈഡ്രജനും ഹീലിയവും നിറഞ്ഞ ‘വാതകഗ്രഹ’മായ വ്യാഴത്തെക്കുറിച്ചുള്ള പഠനമാണ് 20 മീറ്റർ വ്യാസവും 3.5 മീറ്റർ ഉയരവുമുള്ള ജൂണോയുടെ ലക്ഷ്യം. വ്യാഴത്തിനു ചുറ്റും ദീര്‍ഘവൃത്താകൃതിയിലുള്ള പാതയില്‍ക്കൂടിയാണു കറക്കം. ഓരോ തവണ കറങ്ങിവരുമ്പോഴും പേടകം വ്യാഴത്തോടു കൂടുതല്‍ അടുക്കും. സൗരോജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൂര്യനില്‍നിന്ന് ഏറെ അകലെ ആയതിനാല്‍ വമ്പൻ സോളര്‍പാനലുകളാണ് ജൂണോയ്ക്കുള്ളത്.
വ്യാഴത്തിന്റെ അന്തരീക്ഷം, ആന്തരിക ഘടന, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ജൂണോ ശേഖരിക്കുന്നുണ്ട്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
English Summary: Nasa's Juno spacecraft captured storms on Jupiter's northern hemisphere