പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു; ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ല
Mail This Article
മോസ്കോ ∙ വാഗ്‍നർ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബർഗിലെ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികളാരും പങ്കെടുത്തില്ല. പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ട് ആറാം ദിവസമാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അധികൃതർ മുൻപേ അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച മോസ്കോയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ വിമാനം തകർന്നാണ് പ്രിഗോഷിനും ഒപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടത്. ജനിതക പരീക്ഷണത്തിലൂടെയാണ് മരിച്ചത് പ്രിഗോഷിനാണെന്ന് റഷ്യ സ്ഥിരീകരിച്ചത്. വിമാനയാത്രാരേഖകളിലുണ്ടായിരുന്നവർ തന്നെയാണ് കൊല്ലപ്പെട്ട മറ്റുള്ളവരെന്നും അന്വേഷണ സമിതി വക്താവ് സ്വെത്‍ലാന പെട്രെങ്കോ അറിയിച്ചു. യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്ന വാഗ്‍നർ ഗ്രൂപ്പ് ജൂൺ 24ന് പുട്ടിനെതിരെ തിരിഞ്ഞ് അതിർത്തിയിലെ റോസ്തോവ് നഗരം പിടിച്ച് മോസ്കോയിലേക്ക് മാർച്ച് ചെയ്തിരുന്നു.
അട്ടിമറിശ്രമത്തിനു പ്രതികാരമായി പ്രിഗോഷിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപണമുണ്ട്. ജൂൺ 24 നു നടത്തിയ അട്ടിമറിശ്രമത്തിന്റെ പേരിൽ പ്രിഗോഷിനെ പുട്ടിന്റെ ഉത്തരവു പ്രകാരം വധിച്ചതാണെന്നാണു പാശ്ചാത്യഭരണകൂട കേന്ദ്രങ്ങളും നിരീക്ഷകരും വിലയിരുത്തുന്നത്. അതേസമയം, പ്രിഗോഷിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണങ്ങൾ റഷ്യ നിഷേധിച്ചിരുന്നു. പാശ്ചാത്യനിഗമനങ്ങൾ ശുദ്ധനുണയാണെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ശതകോടീശ്വര വ്യവസായിയായ പ്രിഗോഷിൻ പുട്ടിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. യുക്രെയ്നിൽ റഷ്യൻ സേനയെ സഹായിക്കാനിറങ്ങിയ പ്രിഗോഷിന്റെ കൂലിപ്പടയാണു കിഴക്കൻനഗരമായ ബഹ്‌മുത് പിടിച്ചത്. പുട്ടിനെതിരെ നടത്തിയ അട്ടിമറിനീക്കമാണ് അനഭിമതനാക്കിയത്. ജൂൺ 24നു പ്രിഗോഷിന്റെ നേതൃത്വത്തിൽ തെക്കൻ റഷ്യൻ പട്ടണമായ റോസ്തോവ് പിടിച്ചെടുത്ത വാഗ്‌നർ ഗ്രൂപ്പ് മോസ്കോ ലക്ഷ്യമാക്കി നീങ്ങിയതു പ്രതിസന്ധി ഉയർത്തിയിരുന്നു. പ്രിഗോഷിന്റെ അട്ടിമറി നീക്കം മുൻകൂട്ടി അറിവുണ്ടായിരുന്ന വ്യോമസേന മേധാവി ജനറൽ സെർഗെയ് സുറോവിക്കിനെ പുറത്താക്കിയതിനുപിന്നാലെയാണു വിമാനാപകടവും.
English Summary: Russia's Prigozhin buried quietly in hometown of St Petersburg