‘ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നു; പാഠപുസ്തകങ്ങളിൽ അബദ്ധങ്ങൾ പ്രതിഷ്ഠിക്കാൻ ശ്രമം'
Mail This Article
തിരുവനന്തപുരം ∙ രാജ്യത്ത് ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ചന്ദ്രനിലെത്തിയിട്ടും ശാസ്ത്ര അവബോധം വളരുന്നില്ലെന്നും പാഠപുസ്തകങ്ങളിൽ അബദ്ധങ്ങൾ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 100 വർഷം മുൻപ് നാം എന്തിനെതിരെ നിന്നോ അതിനെ തിരികെയെത്തിക്കാന്‍ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രബോധവും യുക്തിചിന്തയും ഇന്ന് വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണുള്ളത്. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട രാജ്യമാണ് നമ്മുടേത്. അപ്പോഴും നരബലിയും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ആക്രമണങ്ങളുമൊക്കെ നമ്മുടെ നാട്ടിൽ അരങ്ങേറുന്നുണ്ട്. ശാസ്ത്ര രംഗത്തു കുതിക്കുമ്പോഴും ശാസ്ത്രാവബോധം വളർത്തുന്നതിൽ നാം പരാജയപ്പെടുന്നു. സ്വയം വിമർശനാത്മകമായിത്തന്നെ ഇത് പരിശോധിക്കേണ്ടതുണ്ട്. പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കപ്പെടുന്നു. പകരം തികച്ചും അശാസ്ത്രീയമായ അബദ്ധങ്ങൾ പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കുന്നു. ഇതിനെല്ലാമെതിരെ വലിയ ചെറുത്തുനിൽപ്പ് നടത്താൻ ഉതകുന്നതാകണം ഗുരു സ്മരണയെന്നും മുഖ്യമന്ത്രി പറഞ്ഞു.
"നമ്മുടെ സമൂഹത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളെടുത്താൽ ഗുരുചിന്തയുടെ വർത്തമാനകാല പ്രസക്തി തെളിയും. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു പറയുന്ന നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഈയിടെ മണിപ്പുരിലും ഹരിയാനലും നടന്ന കലാപങ്ങൾ നാം വേദനയോടെ കണ്ടു. ഉത്തർ പ്രദേശിലെ ക്ലാസ് മുറികളിൽ പോലും ആ വിദ്വേഷം പടർന്നെത്തിയിരിക്കുന്നു. മണിപ്പുരിലും ഹരിയാനയിലും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ല. ലോക സമൂഹത്തിനു മുന്നിൽ ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയിലാണു നാം. മാനവികതാ മൂല്യങ്ങൾക്ക് നമ്മുടെ രാജ്യം പ്രാധാന്യം കൽപിക്കേണ്ടതുണ്ട്. അതിന് ഏറെ പ്രയോജനപ്പെടുന്നതാണ് ഗുരു സ്മരണയുടെ പുതുക്കലും പ്രയോഗവും.
നവോഥാന പ്രസ്ഥാനങ്ങളും അവയുടെ തുടർച്ച ഏറ്റെടുത്ത പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇല്ലാതിരുന്ന ഇടങ്ങളിലാണ് വംശവിദ്വേഷത്തിന്റെ പേരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ചെയ്ത സംഭവങ്ങളുണ്ടായത്. ഇതിൽനിന്നും കേരളം എങ്ങനെയാണ് വേറിട്ടു നിൽക്കുന്നത് എന്നത് പ്രസക്തമാണ്. ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള നവോഥാന നായകരുടെ ചിന്തകളുടെയും, അവയുടെ തുടര്‍ച്ച ഏറ്റെടുത്ത പുരോഗമന രാഷ്ട്രീയ പ്രസ്ഥനങ്ങളുടെ സാന്നിധ്യവും കൊണ്ടാണ് ഇവിടെ ആ അവസ്ഥ ഇല്ലാത്തത്.
ഒരു നൂറ്റാണ്ടു മുൻപ് രണ്ടു വലിയ ചരിത്ര സംഭവങ്ങൾക്ക് നമ്മുടെ നാട് സാക്ഷ്യം വഹിച്ചു. വൈക്കം സത്യാഗ്രഹവും ആലുവയിലെ സര്‍വ മത സമ്മേളനവും. ഇവ രണ്ടിലും ഗുരുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. നിരന്തരമായ സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയും നേടിയെടുത്തതാണ് ഇന്നത്തെ സ്വാതന്ത്ര്യവും അവകാശങ്ങളും എന്ന ബോധം എല്ലാവരിലും ജനിപ്പിക്കാന്‍ കഴിയണം.
100 കൊല്ലങ്ങൾക്കു മുൻപ് എന്തിനൊക്കെ എതിരായാണോ കേരളം നിലകൊണ്ടത്, അവയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടമാണിത്. ആരാണ് അതിനെല്ലാം പിന്നിലെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ല. അയിത്തവും വിവേചനവും ഭേദചിന്തയുമെല്ലാം സമൂഹത്തിലേക്ക് മടങ്ങിവന്നാൽ മാത്രമേ അത്തരക്കാർക്ക് നമ്മുടെ നാട്ടിൽ വേരോട്ടമുണ്ടാവുകയുള്ളൂ എന്നവർ ചിന്തിക്കുന്നു. അത് അനുവദിക്കാനാവുന്ന ഒന്നല്ല". –മുഖ്യമന്ത്രി പറഞ്ഞു.
English Summary: 'Science and logic are being challenged in our country; Some people trying to put mistakes in textbooks' - CM Pinarayi Vijayan