ബിജെപിയുടെ ‘തിരഞ്ഞെടുപ്പ് ഗിമ്മിക്കു’കൾ നേരിടാൻ ‘ഇന്ത്യ’ മുന്നണി; ഇന്ന് നിർണായക യോഗം
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ അപ്രതീക്ഷിത പാർലമെന്റ് സമ്മേളനം വിളിച്ചതുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകൾക്കിടെ, പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ മൂന്നാമത്തെ ഔദ്യോഗിക യോഗം ഇന്ന് മുംബൈയിൽ. 28 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 63 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം തിരഞ്ഞെടുപ്പ് നേരത്തേയാക്കാനാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ, തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ചില നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഫലപ്രദമായി ബിജെപിയെ എതിരിടുന്നതിനുള്ള പ്രവർത്തന രേഖയും യോഗത്തിന്റെ പ്രധാന അജൻഡയാണ്.
ഇതിനു മുൻപ് പട്ന, ബെംഗളൂരു എന്നിവിടങ്ങളിലാണ് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നേതാക്കൾ യോഗം ചേർന്നത്. ഈ യോഗങ്ങളേക്കാൾ ഏറെ നിർണായകമായ ഒത്തുചേരലാണ് ഇന്നത്തേത്. പ്രത്യേകിച്ചും, രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് അതിവേഗം അടുക്കുന്ന സാഹചര്യത്തിൽ. പ്രതിപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളും പ്രചാരണ വിഷയങ്ങളും ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. ‘ഇന്ത്യ’ മുന്നണിയുടെ ഏറെക്കുറെ വ്യക്തമായ ചിത്രവും ഈ യോഗത്തോടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനും മുന്നണിയുടെ പ്രവർത്തനം സുഗമമാക്കാനും ബിജെപിക്കെതിരായ പ്രചാരണം ശക്തമാക്കാനും വിവിധ സമിതികൾക്കും ഇന്നു രൂപം നൽകും. ഈ സമിതികളിൽ ഉൾപ്പെടുത്താനായി ഓരോ പാർട്ടിയിൽനിന്നും ഓരോ പ്രതിനിധിയുടെ പേരു നൽകാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദ്ദേശം നൽകിയതായാണ് വിവരം.
മുന്നണിയുടെ ലോഗോ ഇന്നു പ്രകാശനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ മുന്നണിയുടെ ഔദ്യോഗിക വക്താവിനെയും ഇന്ന് പ്രഖ്യാപിച്ചേക്കും. മുന്നണിക്ക് കൺവീനർ വേണോ എന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ തീരുമാനമാകും. ഖർഗെ നിർണായക റോളിൽ മുന്നണിയുടെ നേതൃസ്ഥാനത്തേക്കു വന്നേക്കുമെന്ന സൂചന ശക്തമാണ്. ഖർഗെയുടെ ദലിത് പ്രതിഛായ ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.
ഏകോപന സമിതിക്കു പുറമെ നാല് ഉപ സമിതികൾക്കും മുന്നണി രൂപം നൽകും. പ്രക്ഷോഭങ്ങളും റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുക, സമൂഹമാധ്യമം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, വിവര ശേഖരണവും ക്രോഡീകരണവും തുടങ്ങിയവയാണ് ഈ സമിതികളുടെ ചുമതലകൾ.
ഒക്ടോർ രണ്ടിനകം മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി മറ്റു നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തിൽ ബിജെപിയെ നേരിടുന്നതിനുള്ള പൊതു അജൻഡ തയാറാക്കാൻ വിവിധ പാർട്ടി നേതാക്കളോട് ഖർഗെ ആവശ്യപ്പെട്ടു.
യോഗത്തിനായി മുംബൈയിലെത്തിയ മുന്നണി നേതാക്കൾക്കായി ഇന്നലെ വൈകിട്ട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അത്താഴ വിരുന്നൊരുക്കി. തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് വിവിധ നേതാക്കൾ യോഗത്തിൽ സൂചിപ്പിച്ചു. എൻഡിഎയുടെ അപ്രതീക്ഷിത നീക്കങ്ങളും തിരഞ്ഞെടുപ്പ് ജാലവിദ്യകളും നേരിടാൻ ‘ഇന്ത്യ’ മുന്നണി തയാറായിരിക്കണമെന്ന് ജെഡിയു നേതാവ് നിതീഷ് കുമാറും ഒപ്പമുള്ള നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
English Summary: Key Decisions Likely At INDIA Bloc's 3rd Meet In Mumbai Today - Updates