ADVERTISEMENT

റാബത്ത് (മൊറോക്കോ)∙ ജെറ്റ് സ്കീയിങ്ങിനിടെ ആകസ്മികമായി സമുദ്രാതിർത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അൾജീരിയൻ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മൊറോക്കോ – ഫ്രഞ്ച് പൗരൻമാരായ ബിലാൽ കിസ്സി, അബ്ദെലാലി മെർക്കൂവർ എന്നിവരാണ് മരിച്ചത്. മൊറോക്കോ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മൊറോക്കോയുടെ വടക്കുകിഴക്കൻ മുനമ്പിലെ സയ്ദിയ ബീച്ചിൽ ജെറ്റ് സ്കീയിങ് നടത്തുന്നതിനിടെയാണ് ഇരുവരെയും വെടിവച്ചു കൊന്നതെന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്മായിൽ സ്നാബെ എന്ന ഫ്രഞ്ച് – മൊറോക്കോ പൗരനെ അറസ്റ്റ് ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘത്തിൽ ആകെ നാലു പേരുണ്ടായിരുന്നതായാണ് വിവരം. കൊല്ലപ്പെട്ട ബിലാൽ കിസ്സിയുടെ സഹോദരൻ മുഹമ്മദ് കിസ്സിയാണ് സംഘത്തിലുണ്ടായിരുന്ന നാലാമൻ.

കൊല്ലപ്പെട്ട ബിലാൽ കിസ്സി, അബ്ദെലാലി മെർക്കൂവർ എന്നിവർക്കു നേരെ അൾജീരിയൻ തീരസംരക്ഷണ സേന അഞ്ച് റൗണ്ട് വെടിയുതിർത്തതായി മുഹമ്മദ് കിസ്സി വെളിപ്പെടുത്തി. അവർ പിടികൂടിയ സംഘത്തിലെ മൂന്നാമനും ഒരു തവണ വെടിയേറ്റതായാണ് മുഹമ്മദ് കിസ്സിയുടെ വെളിപ്പെടുത്തൽ. 

ജെറ്റ് സ്കീയിങ്ങിനിടെ ദിശ തെറ്റിയതായി കിസ്സി വ്യക്തമാക്കി. ദിശ തെറ്റിയുള്ള യാത്രയ്ക്കിടെ ഇന്ധനം തീർന്നത് പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടെ കൂട്ടം തെറ്റിപ്പോയവരാണ് അൾജീരിയൻ അതിർത്തിയിലേക്കു കടന്നതെന്ന് മുഹമ്മദ് കിസ്സി വിശദീകരിച്ചു. കടലിൽ ദിശ കിട്ടാതെ അലഞ്ഞ മുഹമ്മദ് കിസ്സിയെ മൊറോക്കോ നാവികസേനയാണ് രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത്.

പടിഞ്ഞാറൻ സഹാറയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിനിടെയാണ് മൊറോക്കോ – ഫ്രഞ്ച് പൗരൻമാരെ അൾജീരിയൻ തീരസംരക്ഷണ സേന വെടിവച്ചു കൊന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി 1994 മുതൽ അടച്ചിട്ടിരിക്കുകയാണ്. 2021ൽ മൊറോക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അൾജീരിയ ഉപേക്ഷിച്ചിരുന്നു.

English Summary: 2 Jet Skiers Accidentally Stray Across Border, Shot Dead By Algeria Coastguard: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com