‘മോൾ വിഡിയോ കോളിൽ വിളിച്ച് ‘പോകുന്നു’വെന്ന് പറഞ്ഞു; നോക്കാൻ പറഞ്ഞിട്ടും അവൻ കേട്ടില്ല’
Mail This Article
തിരുവനന്തപുരം∙ സിനിമാ – സീരിയൽ താരം അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സഞ്ജിത്തിനെതിരെ ആരോപണവുമായി അപർണയുടെ അമ്മ. സഞ്ജിത് അപർണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അമ്മ ബീന പറഞ്ഞു. ഇരുവർക്കുമിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുൻപ് വിഡിയോ കോൾ വിളിച്ച് പോവുകയാണെന്നു പറഞ്ഞു. ഇക്കാര്യം സഞ്ജിത്തിനെ അറിയിച്ചെങ്കിലും അവൾ പോയി ചാകട്ടെയെന്നു പറഞ്ഞ് പുറത്തുതന്നെ നിൽക്കുകയാണ് ചെയ്തതെന്ന് അമ്മ ആരോപിച്ചു. പറഞ്ഞുപറഞ്ഞ് ഒടുവിൽ അരമണിക്കൂർ കഴിഞ്ഞ് നോക്കുമ്പോഴേയ്ക്കും മകൾ മരിച്ചെന്നും ബീന മനോരമ ന്യൂസിനോടു പറഞ്ഞു.
‘‘മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കു രണ്ടു പേർക്കും തന്നെ അറിയാം. മരിച്ച അന്നു പോലും രാവിലെ ഇവിടെ വന്നിട്ട് സന്തോഷമായിട്ടു തിരിച്ചു പോയതാണ്. വൈകുന്നേരം ആയപ്പോഴേക്കും എന്നെ വിളിച്ചിട്ട്, അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായി. ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിക്കും. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും.
അവൾക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. കാരണം, അവൻ കാരണം അവൾക്ക് ഒരുപാടു ദുഃഖവും വിഷമവും ഉണ്ടായിട്ടുണ്ട്. ഞാൻ പോകുന്നു എന്നു മാത്രം എന്നോടു പറഞ്ഞു. വിഡിയോ കോളിലാണ് വിളിച്ചത്. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും ഞാൻ അപ്പോൾത്തന്നെ അവനെ വിളിച്ചു പറഞ്ഞു. അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നാണ് അവൻ പറഞ്ഞത്. അതും പറഞ്ഞ് ഇളയ കുട്ടിയുമായി വെളിയിൽത്തന്നെ നിന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നു’’ – ബീന പറഞ്ഞു.
കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ വ്യാഴാഴ്ചയാണ് അപർണയെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തിട്ടുണ്ട്. വൈകിട്ട് ഏഴരയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണു നിഗമനം. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
English Summary: Mother Alleges Husband's Involvement in Actress Aparna Nair's Untimely Death