ADVERTISEMENT

ബെംഗളൂരു ∙ ചന്ദ്രയാൻ 3ന്റെ ഭാഗമായുള്ള പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ള ത്രീഡി ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലുള്ള വിക്രം ലാൻഡറിന്റെ ചിത്രമാണ് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. പ്രഗ്യാൻ റോവറിന്റെ നാവിഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം തയാറാക്കിയത്. 

ഐഎസ്ആർഒയുടെ ഇലക്ട്രോ–ഒപ്റ്റിക്സ് സിസ്റ്റം ലബോറട്ടറിയാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ തയാറാക്കിയത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രം സമീകരിച്ചെടുത്തത്. അതേസമയം, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ രാത്രിയായതോടെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും തിങ്കളാഴ്ച മുതൽ നിദ്രയിൽ പ്രവേശിച്ചു. അടുത്ത പകൽ വരുമ്പോൾ ലാൻഡറും റോവറും പ്രവർത്തനക്ഷമമാകുമോ എന്നറിയാൻ കാത്തിരിക്കണം.

ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കു ശേഷം ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

English Summary: Chandrayaan-3 update: ISRO releases 3D images of moon's surface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com