സിനിമയ്ക്കു പോകുന്നതൊക്കെ സ്വകാര്യ കാര്യം; അവരെ അവരുടെ വഴിക്കു വിടണം: ജെയ്ക്ക്
Mail This Article
കോട്ടയം∙ സിനിമയ്ക്കു പോകുന്നതും പാട്ടു കേൾക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യ കാര്യമാണെന്നും അവരെയൊക്കെ അവരുടെ വഴിക്കു വിടണമെന്നാണ് അഭിപ്രായമെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസ്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സിനിമ കാണാൻ പോകുന്ന വിവരം മാധ്യമപ്രവർത്തകർ അറിയിച്ചപ്പോഴായിരുന്നു ജെയ്ക്കിന്റെ പ്രതികരണം. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും പൂർണ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘പൂർണ വിശ്രമം എന്നൊന്നുമില്ല. മുൻകൂട്ടി നിശ്ചയിച്ച വളരെ സ്വകാര്യമായ ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിലേക്കു കടക്കും. സിനിമ കാണുന്നതൊക്കെ എല്ലാവരുടെയും സ്വകാര്യ കാര്യങ്ങൾ അല്ലേ? സിനിമയ്ക്കു പോകുകയോ പാട്ടു കേൾക്കുകയോ കുടുംബത്തോടൊപ്പം ചെലവഴിക്കുകയോ ചെയ്യുന്നത് അവരുടെ അവകാശമാണ്. മാതാപിതാക്കളോട്, ജീവിതപങ്കാളികളോട്, പ്രണയിനികളോട്, കാമുകിമാരോടൊപ്പം ഒപ്പം സമയം ചെലവഴിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അവരെയൊക്കെ അവരുടെ വഴിക്കു വിടണം എന്നുള്ളതാണ് എന്റെ അഭിപ്രായം.’
‘‘ഇന്നലെ മുതൽ മാധ്യമപ്രവർത്തകരെ എല്ലാ ദിവസവും അഭിസംബോധന ചെയ്യേണ്ടി വരുന്ന ഒരു ഏർപ്പാട് അവസാനിച്ചു എന്നുള്ള ആശ്വാസത്തിലായിരുന്നു ഞാൻ. മാത്രമല്ല, വീടിനു മുറ്റം ഒക്കെ ഉള്ളതാണല്ലോ. പണ്ടു മുതലേ എന്റെയൊരു ശീലം പുറത്തുവന്നു പല്ലു തേക്കുകയും ആളുകളോടു സംസാരിക്കുകയുമൊക്കെയാണ്. കഴിഞ്ഞ് 10–20 ദിവസമായിട്ട് ഞാൻ എഴുന്നേറ്റു വരുമ്പോൾ കാണുന്നതു നിങ്ങളെയാണ്. എന്റെ ദിനചര്യ ആകെ തകർത്തു തരിപ്പണമാക്കി.’– ജെയ്ക്ക് പറഞ്ഞു.
എംഎൽഎയായാൽ ഇതിലും ആളു കൂടും എന്ന മാധ്യമപ്രവർത്തകരുടെ പ്രതികരണത്തിന്, ‘‘അതൊക്കെ വരട്ടെ’ എന്നായിരുന്നു ജെയ്ക്കിന്റെ മറുപടി. ‘‘അതൊന്നും ഒരു സ്വകാര്യ വിഷയമല്ലെന്നാണ് ഞാൻ കാണുന്നത്. ജനപ്രതിനിധിയായാലും രാഷ്ട്രീയ പ്രവർത്തകനായാലും പലവിധ കാര്യങ്ങൾക്കായി പലയാളുകൾ സമീപാക്കാറുണ്ട്. പക്ഷേ അതിനൊക്കെ നിശ്ചയിച്ച ഒരു കേന്ദ്രം, അല്ലെങ്കിൽ മുൻകൂട്ടി തയാറാക്കിയ കുറച്ചു ചിട്ടപ്പടി കാര്യങ്ങളൊക്കെയുണ്ടാകും. അല്ലാതെ എല്ലാ ക്രമങ്ങളും തെറ്റിച്ചുള്ള ജീവിതം ശരിയല്ലെന്നാണ് അഭിപ്രായം.’ – ജെയ്ക്ക് കൂട്ടിച്ചേർത്തു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് ചാണ്ടി ഉമ്മൻ സിനിമ കാണാനും സമയം കണ്ടെത്തിയത്. പാലായിലെ തിയറ്ററിലെത്തി, രജനീകാന്ത് ചിത്രം ‘ജയിലർ’ ആണ് ചാണ്ടി ഉമ്മനും ഒപ്പമുള്ള കോൺഗ്രസ് പ്രവർത്തകരും ചേർന്നു കണ്ടത്.
English Summary: Jaick C Thomas on Media Coverage During Puthuppally Byelection