എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല; ജയിക്കുമെന്ന് പൂർണവിശ്വാസം: ജെയ്ക്
Mail This Article
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എക്സിറ്റ്പോള്‍ പ്രവചനങ്ങളിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. എൽഡിഎഫിന്റെ അടിയുറച്ച വോട്ടുകൾ പൂർണമായി പോൾ ചെയ്തു. ജയത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ജെയ്ക് പറഞ്ഞു.
‘‘എക്സിറ്റ് പോളുകളിലല്ല, ജനങ്ങളിലാണു വിശ്വാസം. ബൂത്ത് തലത്തിൽനിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. പോളിങ് ദിവസം എട്ടു പഞ്ചായത്തുകളിലെ 52 ബൂത്തുകൾ സന്ദർശിച്ചിരുന്നു. ആ സമയത്ത് വോട്ടർമാർ പറഞ്ഞത് ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകാനാണ്’’– ജെയ്ക് പ്രതികരിച്ചു. പുതുപ്പള്ളിയിൽ ബിജെപി – യുഡിഎഫ് കൂട്ടുകെട്ട് ശക്തമാണ്. ആ കൂട്ടുകെട്ടിന്റെ അനന്തരഫലമായിരുന്നു മുൻകാലങ്ങളിൽ കണ്ടതെന്നും ജെയ്ക് പറഞ്ഞു.
182 ബുത്തുകളിലെയും പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു കീലിസ്റ്റ് തയാറാക്കിയിരുന്നു. ഇടതുപക്ഷത്തിനു തന്നെ പോൾ ചെയ്യപ്പെടേണ്ട വോട്ടുകളുടെ എണ്ണം കണക്കാക്കിയിരുന്നു. ആശുപത്രി കേസുകളിലുൾപ്പെട്ടവരെ ഒഴികെ ബാക്കി എല്ലാവരെയും ബൂത്തുകളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജെയ്ക് കൂട്ടിച്ചേർത്തു. 18,000ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനു ലഭിക്കും എന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
English Summary: LDF Candidate Jaick C Thomas Reaction On Puthuppally Byelection Exit Poll Result