ചേര്‍ത്തുപിടിച്ചു പുതുപ്പള്ളി; പിതാവിന്റെ കല്ലറയിൽ കണ്ണീരോടെ ചാണ്ടി ഉമ്മൻ
Mail This Article
പുതുപ്പള്ളി∙ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ, പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥനയ്ക്കായെത്തി. പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ (പുതുപ്പള്ളിപ്പള്ളി) പിതാവിന്റെ കല്ലറയുടെ ചുറ്റും വലംവച്ചശേഷം കുറച്ചുനേരം മൗനമായി നിന്നു. മുട്ടുകുത്തി കല്ലറയില്‍ മുഖം ചേര്‍ത്ത് ഏറെ നേരം പ്രാര്‍ഥിച്ചു. തുടര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചാണ്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നീട് കുടുംബ കല്ലറയുടെ സമീപത്തേക്കും അദ്ദേഹം പോയി. പി.സി. വിഷ്ണുനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചാണ്ടിക്കൊപ്പം കല്ലറയിലേക്ക് എത്തിയിരുന്നു.
33,000ൽ അധികമെന്ന റെക്കോർഡ് ഭൂരിപക്ഷം മറികടന്നതോടെയാണ് ചാണ്ടി ഉമ്മൻ വീടിനു പുറത്തേക്കു വന്നത്. ചാണ്ടിയെ പ്രവർത്തകർ എടുത്തുയർത്തി വലിയ തിക്കിലും തിരക്കിനുമിടയിലൂടെ, മുദ്രാവാക്യം വിളികളോടെയാണ് റോഡിലേക്കു വന്നത്. പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരുടെ ഒപ്പം പുതുപ്പള്ളി പള്ളിയിലേക്ക് എത്തുകയായിരുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്തുടനീളം ചർച്ചാവിഷയമായിരുന്നു ഉമ്മൻ ചാണ്ടിയുടെ കല്ലറ. ചാണ്ടി ഉമ്മന്റെ ദൈനംദിന പര്യടനങ്ങൾ തുടങ്ങിയതും അവസാനിച്ചിരുന്നതും ഈ കല്ലറയിൽ ആയിരുന്നു. വോട്ടെടുപ്പിനു ശേഷവും കല്ലറയിലെ തിരക്ക് ഒഴിഞ്ഞിരുന്നില്ല. ചാണ്ടി ഉമ്മന്റെ സ്ഥാനാർഥി പ്രഖ്യാപനവും നാമനിർദ്ദേശ പത്രികാ സമർപ്പണവും വോട്ടെടുപ്പ് ദിവസവും ഉൾപ്പെടെ തിരഞ്ഞെടുപ്പിന്റെ പ്രധാനപ്പെട്ട ഘട്ടങ്ങളിലെല്ലാം വേദി എന്നും ഉമ്മൻ ചാണ്ടിയുടെ കല്ലറയായിരുന്നു.
English Summary: Chandy Oommen's Emotional Visit to His Father's Grave After By-Election Results