ബിജെപിയുടെ പെട്ടി കാലിയാണ്, അവരുടെ വോട്ട് എവിടെപ്പോയി?: പഴിചാരി ഇ.പി.ജയരാജൻ
Mail This Article
കണ്ണൂർ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൂറ്റൻ വിജയത്തിലേക്കു കുതിക്കുമ്പോൾ, തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ബിജെപിയെ കുറ്റപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി കാലിയാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. അവരുടെ വോട്ട് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷത്തിന്റെ വോട്ട് ജെയ്‌ക് സി.തോമസിനു തന്നെ ലഭിച്ചിട്ടുണ്ടെന്നും ജയരാജൻ അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർഥി ജെയ്ക് എന്നിവർക്കു പിന്നാലെയാണ്, ബിജെപി യുഡിഎഫിനു വോട്ടു മറിച്ചെന്ന ജയരാജന്റെ ആരോപണം.
‘‘ഇപ്പോൾ വന്നിരിക്കുന്ന ഫലം വച്ചു നോക്കിയാൽ, യുഡിഎഫ് സ്ഥാനാർഥി മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും. പക്ഷേ, ബിജെപിക്ക് വോട്ടില്ല. അത് എങ്ങോട്ടു പോയി? അവർക്ക് പുതുപ്പള്ളിയിൽ ഉള്ള വോട്ടു പോലും കിട്ടിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടു പോലും ഇത്തവണ കാണുന്നില്ല. തിരഞ്ഞെടുപ്പു ഫലം പൂർണമായും വരട്ടെ. അതുകഴിഞ്ഞ് എല്ലാം വിശകലനം ചെയ്ത് പ്രതികരിക്കാം.’ – ജയരാജൻ പറഞ്ഞു.
‘‘നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ. ബിജെപിക്ക് വോട്ടു കിട്ടിയിട്ടില്ല. അവരുടെ പെട്ടി കാലിയാണ്. അത് എങ്ങോട്ടു പോയി? ഇതുവരെയുള്ള വോട്ടുനില നോക്കിയാൽ, ഞങ്ങൾക്കു വോട്ട് ഞങ്ങൾക്കു തന്നെ കിട്ടിയിട്ടുണ്ട്.’ – ജയരാജൻ ചൂണ്ടിക്കാട്ടി.
English Summary: EP Jayarajan Takes A Dig At BJP As UDF Win Puthuppally Bypoll