ADVERTISEMENT

കോട്ടയം∙ ദൈവംതമ്പുരാൻ ഇറങ്ങിവന്ന് ഉപദേശിച്ചാലും നന്നാവാത്തവരാണ് ഇടതുപക്ഷക്കാരെന്നും പിന്നെ താനെന്തുചെയ്യാനാണെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കോട്ടയം ഡിസിസി ഓഫിസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ദൈവംതമ്പുരാൻ ഇറങ്ങിവന്ന് ഉപദേശിച്ചാലും നന്നാവാത്തവരാണ് ഇടതുപക്ഷക്കാർ. പിന്നെ ഞാന്‍ പറഞ്ഞിട്ട് എന്തുകാര്യം?. തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി. ഗോവിന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്. ജനം വിലയിരുത്തിക്കഴിഞ്ഞു’’ – ഗോവിന്ദൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദിക്കണമെന്നും സുധാകരൻ മാധ്യമങ്ങളോടു ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് (എം) തിരിച്ചുവന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തോടും സുധാകരൻ പ്രതികരിച്ചു. ‘‘ആരു വന്നാലും ഞങ്ങൾ സ്വീകരിക്കും. ജനാധിപത്യ, മതേതര ശക്തികളിൽ കൂട്ടാളികളാകാൻ ആഗ്രഹിക്കുന്ന സൽസ്വഭാവികളായ, തത്വാധിഷ്ഠിത രാഷ്ട്രീയമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഞങ്ങൾ സ്വീകരിക്കും. കെ.എം. മാണി തുടങ്ങിയതാണ് യുഡിഎഫ്. അദ്ദേഹത്തിന്റെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം). അദ്ദേഹത്തിന്റെ പാർട്ടിയോട് ഒരു അയിത്തവുമില്ല’’ – അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിലെ വികസനം ചർച്ചയായോ എന്ന ചോദ്യത്തിന് ചർച്ച നടന്നല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘വികസനം നടന്നില്ലെന്ന് സിപിഎം ചർച്ച ചെയ്തല്ലോ. എന്നാൽ ജനം വിലയിരുത്തിയല്ലോ. വികസനം നടന്നുവെന്നതിനു തെളിവല്ലേ ഈ വോട്ട്. ഇല്ലെങ്കിൽ വോട്ടു ചെയ്യുമോ. അവർ പറഞ്ഞത് ശരിയല്ലാത്തതുകൊണ്ടല്ലേ ഞങ്ങൾക്കു വോട്ടു ലഭിച്ചത്’’ – സുധാകരൻ കൂട്ടിച്ചേർത്തു.

ചോദ്യങ്ങൾ തന്റെ നേർക്കും വരുന്നതു കണ്ട് പ്രസിഡന്റ് കാര്യങ്ങൾ പറയുമെന്നു പറഞ്ഞ് ഒഴിഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സംഘാടക മികവിനെ പുകഴ്ത്തിയും സുധാകരൻ സംസാരിച്ചു. ‘‘ഈ തിരഞ്ഞെടുപ്പിന്റെ മുഴുവൻ കാര്യങ്ങള്‍ക്കും ചുക്കാൻ പിടിച്ചത് സതീശനാണ്. അദ്ദേഹത്തിന്റെ നയപരമായ തീരുമാനങ്ങളും തന്ത്രപരമായ പ്രവർത്തനങ്ങളും സന്ദർഭത്തിന് അനുസരിച്ച ഉചിതമായ നടപടികളുമാണ് ഈ വിജയത്തിലേക്ക് എത്തിച്ചത്. ഒരു കമ്മിറ്റിയും പ്രവർത്തനങ്ങളും ഇല്ലാത്ത മണ്ഡലത്തിൽ വന്ന്, ആഴ്ചകൾകൊണ്ട് സംവിധാനമുണ്ടാക്കി പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് അതിനു നേതൃത്വം കൊടുത്ത് ഈ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ എല്ലാ ബഹുമതിയും ഞാൻ വി.ഡി. സതീശന് നൽകിയിട്ടുണ്ട്. ഞാനടക്കം പല നേതാക്കന്മാരും വന്നുപോയവരാണ്. ഇവിടെ ക്യാംപ് ചെയ്തിട്ടില്ല. അവസാനത്തെ കുറച്ചുദിവസമേ ഞാൻ ക്യാംപ് ചെയ്തിട്ടുള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേനാൾ മുതൽ സതീശൻ ഇവിടെ ക്യാംപ് ചെയ്തു. ഗ്രൂപ്പിന് അതീതമായിട്ടാണ് കോൺഗ്രസ് ഇവിടെ പ്രവർത്തിച്ചത്. ഇവിടെ അങ്ങനെ വലിയ ഗ്രൂപ്പൊന്നും ഇല്ല. നിങ്ങൾ ഇല്ലാത്ത ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കേണ്ട, പ്ലീസ്, ഞങ്ങൾ ജീവിച്ചോട്ടെ’’ – അദ്ദേഹം വ്യക്തമാക്കി.

English Summary: K Sudhakaran's remarks on the Puthuppally Byelection Congress' performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com