ADVERTISEMENT

തിരുവനന്തപുരം∙ തങ്ങളുടെ 5,000 വോട്ടുകൾ എവിടെപ്പോയെന്ന് പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുപ്പള്ളിയിൽ യുഡിഎഫ് വിജയത്തിന് പിന്നിൽ സഹതാപവും ഭരണ വിരുദ്ധ വികാരവുമാണ്. ഇന്ത്യ മുന്നണി രൂപീകരിച്ചതുകൊണ്ട് സിപിഎമ്മിനെയും കോൺഗ്രസിനെയും ഇനി വേറിട്ടു കാണേണ്ടെന്ന് പുതുപ്പള്ളിക്കാർ ചിന്തിച്ചുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ബിജെപി വോട്ട് കോൺഗ്രസിന് കിട്ടിയെന്ന എം.വി. ഗോവിന്ദന്റെ ആരോപണത്തിന് സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. സിപിഎമ്മിനെ പോലെ ക്യാപ്സൂൾ മറുപടിയാകില്ലെന്നും വോട്ട് കുറഞ്ഞതിൽ വിശദമായ പരിശോധന നടത്തുമെന്നും അത് എന്തായാലും പുറത്തുപറയുമെന്നും സുരേന്ദ്രൻ വിശദീകരിച്ചു.

‘‘ഐഎൻഡിഐഎ മുന്നണി ഇനി രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന കോണ്‍ഗ്രസ് മുന്നണിയായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് എന്തിനാണ് ഇടതുപക്ഷത്തെ ആളുകളെ ഇനി പരിഗണിക്കുന്നതെന്നുള്ള ചിന്തകൾ സ്വാഭാവികമായും വോട്ടർമാർക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് ഫലം താൽക്കാലികമായ പ്രതിഭാസമാണ്. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും പ്രത്യേകിച്ച്, ഒരു സ്ഥാനാർഥി മരിച്ചതിനുശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ഈ പ്രവണത ഞങ്ങൾ കണ്ടിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കൾ മരിച്ചശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അവരുടെ ബന്ധുക്കൾ ജയിക്കുന്നത് കേരളത്തിൽ പതിവാണ്.

തൃക്കാക്കരയിലും അതുതന്നെയാണ് സംഭവിച്ചത്. നേരത്തേ അരുവിക്കരയിലും അതുതന്നെയാണ് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കൾ മരിച്ചിടത്തെല്ലാം, കെ.എം. മാണി മരിച്ചപ്പോഴുണ്ടായ ഉപതിരഞ്ഞെടുപ്പൊഴിച്ചാൽ ഏതാണ്ട് മറ്റെല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഇതേ രീതിയിലുള്ള ഒരു വോട്ടിങ് പാറ്റേൺ ആണ് കേരളം കണ്ടിട്ടുള്ളത്. അതുകൊണ്ട് അസാധാരണമായ തിരിച്ചടിയായി ഇതിനെ ആരും കണക്കാക്കുന്നില്ല.

എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ ശക്തമായ അമർഷം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. സഹതാപ തരംഗവും ഈ തിരഞ്ഞെടുപ്പിലുണ്ടായി. അതാണ് യുഡിഎഫിനെ ഇത്ര വലിയൊരു നേട്ടം സ്വന്തമാക്കാൻ കാരണമായതെന്നുള്ളതാണ് ഞങ്ങളുടെ പ്രാഥമികമായ വിലയിരുത്തൽ. സ്വന്തം വോട്ട് നിലനിർത്താനാവാത്തവർ ബിജെപിയുടെ വോട്ട് തിരയുന്നത് ഔചിത്യമല്ല. ഇടതുപക്ഷത്തിന്റെ 12,000ൽ പരം വോട്ടുകളാണ് ചാണ്ടി ഉമ്മന് കിട്ടിയത്. ഇടതുപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ട് യുഡിഎഫിന് ലഭിച്ചു. ഇടതുപക്ഷത്തിന്റെ അടിത്തറയിളകിയില്ല എന്ന് എം.വി. ഗോവിന്ദൻ പറയുന്നത് യാഥാർഥ്യബോധത്തോടെയല്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് അപ്രസക്തമാവും. അവിടെ യുഡിഎഫും ബിജെപിയുമായിട്ടാവും മത്സരം.

ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിൽ 5000 വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. അതു ഞങ്ങൾ പരിശോധിക്കും. കാരണം ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ പരിഗണിച്ചത് ഈ രണ്ട് വിഷങ്ങളാണ്. അതുകൊണ്ടാണ് അങ്ങനെയൊരു വിലയിരുത്തൽ വന്നത്. വലിയ വിജയത്തിൽ ചാണ്ടി ഉമ്മനെ അഭിനന്ദിക്കുന്നു’’ – കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

English Summary: K Surendran on Puthuppally Byelection results and BJP's performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com