ADVERTISEMENT

ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എല്ലാ തലത്തിലും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ ഇരുവരും അറിയിച്ചു. ഇന്ത്യ–യുഎസ് സൗഹൃദം ലോകനന്മയ്ക്ക് വലിയ പങ്ക് വഹിക്കുന്നുവെന്ന് മോദി പറഞ്ഞു. 

ചന്ദ്രയാൻ 3 വിജയത്തിൽ മോദിയെയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും ബൈഡൻ അഭിനന്ദിച്ചു. ബഹിരാകാശത്ത് സഹകരണം ശക്തിപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

ബൈഡനുമായി എയര്‍ഫോഴ്‌സ് വണ്‍ വിമാനം രാത്രി ഏഴുമണിയോടെയാണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേന്ദ്രമന്ത്രി ജനറല്‍ വി.കെ.സിങ് അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തി. അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

ബൈഡന് പുറമെ യുകെ പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ള നിരവധി നേതാക്കള്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും.

ഞായറാഴ്ച രാവിലെ ജി20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധി സന്ദര്‍ശിക്കും. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഡല്‍ഹി സുരക്ഷാ സംവിധാനങ്ങളുടെ കോട്ടയ്ക്കുള്ളിലാണ്. ആകാശ നിരീക്ഷണവുമുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയില്‍ റോഡ് മാര്‍ഗമുള്ള പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. മെട്രോ ട്രെയിന്‍ സര്‍വീസിന് മുടക്കമില്ല. വിദ്യാലയങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കി.

English Summary: PM Modi– President Biden, Bilateral Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com