ADVERTISEMENT

കോട്ടയം ∙ ഓഗസ്റ്റ് എട്ട്– പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പുതുപ്പള്ളി കോട്ട കാക്കാൻ ഉമ്മൻ ചാണ്ടിയുടെ മകനെക്കാൾ യോജിച്ച മറ്റൊരു പോരാളിയില്ലെന്ന് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. സെപ്റ്റംബർ എട്ട്– ഒരു മാസത്തിനപ്പുറം പുതുപ്പള്ളിയിൽ അങ്കം ജയിച്ചു വരുന്ന ചാണ്ടി ഉമ്മൻ ഈ നിയമസഭയിൽ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎൽഎയാണ്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ അതിവേഗം, ബഹുദൂരം മുന്നേറിയ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37,719 എന്ന സംഖ്യയിലാണ് ഫിനിഷ് ചെയ്തത്. ഒരിക്കൽ പോലും എതിരാളികൾക്ക് ഓവർടേക്ക് ചെയ്യാൻ അവസരം കൊടുക്കാതെയായിരുന്നു ചാണ്ടി ഉമ്മന്റെ കുതിപ്പ്. വോട്ടെണ്ണൽ തുടങ്ങി ഓരോ നിമിഷവും അദ്ദേഹം കൃത്യമായി ലീഡുനില ഉയർത്തി. ഒരു ഘട്ടത്തിൽ നാൽപതിനായിരം കടന്നും മുന്നേറിയ ലീഡ് നില അവസാന കണക്കുകളിൽ 37,719 ൽ എത്തുകയായിരുന്നു.

ജനനായകന്റെ ജനസമ്മതി

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ചുവന്നപ്പോൾ, ഉറച്ച ഇടതു മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് റെക്കോർഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലെ മൂന്നു മണ്ഡലങ്ങൾ സംസ്ഥാന ചരിത്രത്തിലെ ഏറ്റവുമുയർന്ന ഭൂരിപക്ഷം നേടിയവ ആയി. മട്ടന്നൂരിൽ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ – 60,963, ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ – 50,123, പയ്യന്നൂരിൽ സിപിഎമ്മിന്റെ ടി.ഐ.മധുസൂദനൻ – 49,780, കല്യാശ്ശേരിയിൽ സിപിഎമ്മിന്റെ തന്നെ എം.വിജിൻ 44,393 എന്നിങ്ങനെയായിരുന്നു വൻ ഭൂരിപക്ഷം.

കോൺഗ്രസിന്റെ പല എംഎൽഎമാരും കുറഞ്ഞ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയപ്പോൾ മലപ്പുറത്ത് മുസ്‍ലിം ലീഗിന്റെ പി.ഉബൈദുല്ല നേടിയ 35,208 വോട്ട് ആയിരുന്നു യുഡിഎഫിന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. വേങ്ങരയിൽ 30,596 വോട്ടു നേടി ലീഗിന്റെ തന്നെ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസിന്റെ ഏറ്റവും ഉയർന്ന ഭൂരിക്ഷം നേടിയത് കരുനാഗപ്പള്ളിയിൽ മത്സരിച്ച സി.ആർ.മഹേഷാണ്. 2016 ൽ തോൽപ്പിച്ച സിപിഐയുടെ ആർ.രാമചന്ദ്രനെതിരെ തന്നെ 29,208 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ‘മഹേഷിന്റെ പ്രതികാരം’.

ഭൂരിപക്ഷത്തിൽ ഇവരെയെല്ലാം കടത്തി വെട്ടിയാണ് കന്നിയങ്കത്തിൽത്തന്നെ ചരിത്രജയവുമായി ചാണ്ടി ഉമ്മൻ നിയമസഭയുടെ പടികയറുന്നത്. 15-ാം നിയമസഭയിലെ എംഎൽഎമാരുടെ ഭൂരിപക്ഷ കണക്കിൽ ആദ്യ പത്തിൽ ചാണ്ടി സ്ഥാനം പിടിച്ചു. പട്ടികയിൽ എട്ടാമതാണ് ചാണ്ടി ഉമ്മൻ; യുഡിഎഫ്– കോൺഗ്രസ് എംഎൽഎമാരിൽ ഒന്നാം സ്ഥാനവും. 35,000 ത്തിലധികം ഭൂരിപക്ഷമുള്ള 12 എംഎൽഎമാരാണ് 15–ാം നിയമസഭയിലുള്ളത്. ഇതിൽ രണ്ടു പേർ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. ബാക്കി പത്തും ഇടതുപക്ഷ എംഎൽഎമാർ.

ഭൂരിപക്ഷം 40,000 ക്ലബിൽ നാല് എംഎൽഎമാരാണ് ഈ നിയമസഭയിലുള്ളത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അഞ്ചാമനായി ചാണ്ടി ഉമ്മനും ഈ പട്ടികയിൽ സ്ഥാനം പിടിക്കുമെന്ന് കരുതിയെങ്കിലും അവസാനിമിഷം ചെറിയ വ്യത്യാസത്തിൽ 37,000 ത്തിലേക്ക് ഒതുങ്ങേണ്ടി വന്നു. കെ.രാധാകൃഷ്ണൻ (സിപിഎം) – 39,100, എ.കെ.ശശീന്ദ്രൻ (എൻസിപി) – 38,502, എം.എം.മണി (സിപിഎം) – 38,305 എന്നിവരാണ് ചാണ്ടി ഉമ്മനു തൊട്ടുമുന്നിലുള്ള കൂടിയ ഭൂരിപക്ഷക്കാർ.

ഉപതിരഞ്ഞെടുപ്പുകളിൽ 25,000 ക്ലബിൽ

രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം നടന്ന രണ്ടാം ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടന്നത്. രണ്ടും നടന്നത് കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളിൽ. പി.ടി.തോമസ് മരിച്ചതിനെ തുടർന്നു തൃക്കാക്കരയിൽ നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ.ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. തൃക്കാക്കര പിടിച്ചെടുത്ത് സീറ്റുകളിൽ ‘സെഞ്ചറി’ തികയ്ക്കുമെന്ന അവകാശവാദവുമായി ഇറങ്ങിയ എൽഡിഎഫിനു കാൽലക്ഷത്തിലധികം വോട്ടിന്റെ പരാജയം കുറിക്കേണ്ടി വന്നു.

പുതുപ്പള്ളിയിൽ എൽഡിഎഫിനു പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഭൂരിപക്ഷം പിടിച്ചുകെട്ടാനാകുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയായിരുന്നു. എന്നാൽ യുഡിഎഫ് തരംഗം തന്നെ ആഞ്ഞടിച്ചപ്പോൾ പുതുപ്പള്ളിയിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷം ചാണ്ടി ഉമ്മൻ സ്വന്തമാക്കി. ഇതോടെ ചാണ്ടി ഉമ്മൻ ഉൾപ്പെടെ നിലവിലെ നിയമസഭയിൽ 25,000 വോട്ടിലേറെ ഭൂരിപക്ഷത്തിന് ജയിച്ചെത്തിയവർ 33 ആയി.

25,000 ക്ലബ് എംഎൽഎമാർ

∙ മട്ടന്നൂർ: കെ.കെ.ശൈലജ (സിപിഎം) – 60,963
∙ ധർമടം: പിണറായി വിജയൻ (സിപിഎം) – 50,123
∙ പയ്യന്നൂർ: ടി.ഐ.മധുസൂദനൻ (സിപിഎം) – 49,780
∙ കല്യാശേരി: എം.വിജിൻ (സിപിഎം) – 44,393
∙ ചേലക്കര: കെ.രാധാകൃഷ്ണൻ (സിപിഎം) – 39,100
∙ എലത്തൂർ: എ.കെ.ശശീന്ദ്രൻ (എൻസിപി) – 38,502
∙ ഉടുമ്പൻചോല: എം.എം.മണി (സിപിഎം) – 38,305

∙ പുതുപ്പള്ളി: ചാണ്ടി ഉമ്മൻ (കോൺഗ്രസ്)– 37,719

∙ പുനലൂർ: പി.എസ്.സുപാൽ (സിപിഐ) – 37,057
∙ തലശ്ശേരി: എ.എൻ.ഷംസീർ (സിപിഎം) – 36,801
∙ ഷൊർണൂർ: പി.മമ്മിക്കുട്ടി (സിപിഎം) – 36,674
∙ മലപ്പുറം: പി.ഉബൈദുല്ല (മുസ്‍ലിം ലീഗ്) – 35,208
∙ ആലത്തൂർ: കെ.ഡി.പ്രസേനൻ (സിപിഎം) – 34,118
∙ ചിറ്റൂർ: കെ.കൃഷ്ണൻകുട്ടി (ജെഡിഎസ്) – 33,878
∙ ചെങ്ങന്നൂർ: സജി ചെറിയാൻ (സിപിഎം) – 32,093
∙ ആറ്റിങ്ങൽ: ഒ.എസ്.അംബിക (സിപിഎം) – 31,636
∙ വേങ്ങര: പി.കെ. കുഞ്ഞാലിക്കുട്ടി (ലീഗ്) – 30,596
∙ മണലൂർ: മുരളി പെരുനെല്ലി (സിപിഎം) – 29,876
∙ കരുനാഗപ്പള്ളി: സി.ആർ.മഹേഷ് (കോൺഗ്രസ്) – 29,208
∙ വൈക്കം: സി.കെ.ആശ (സിപിഐ) – 29,122
∙ ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ് (സിപിഎം) – 28,747
∙ നെന്മാറ: കെ.ബാബു (സിപിഎം) – 28,704
∙ നാട്ടിക: സി.സി.മുകുന്ദൻ (സിപിഐ) – 28,413
∙ ഇരവിപുരം: എം.നൗഷാദ് (സിപിഎം) – 28,121
∙ പുതുക്കാട്: കെ.കെ.രാമചന്ദ്രൻ (സിപിഎം) – 27,353
∙ കോങ്ങാട്: കെ.ശാന്തകുമാരി (സിപിഎം) – 27,219
∙ കാഞ്ഞങ്ങാട്: ഇ.ചന്ദ്രശേഖരൻ (സിപിഐ) – 27,139
∙ കുന്നംകുളം: എ.സി.മൊയ്തീൻ (സിപിഎം) – 26,631
∙ തൃക്കരിപ്പൂർ: എം.രാജഗോപാലൻ (സിപിഎം) – 26,132
∙ പാറശാല: സി.കെ.ഹരീന്ദ്രൻ (സിപിഎം) – 25,828
∙ മലമ്പുഴ: എ.പ്രഭാകരൻ (സിപിഎം) – 25,734
∙ പിറവം: അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്) – 25,364
∙ തൃക്കാക്കര: ഉമ തോമസ് (കോൺഗ്രസ്) – 25,016

പുതുപ്പള്ളിയിൽ പുതുചരിത്രം

പുതുപ്പള്ളി മണ്ഡ‍ലത്തിലെയും ഏറ്റവും കൂടിയ ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്. 2011ൽ എൽഡിഎഫിന്റെ സുജ സൂസൻ ജോർജിനെതിരെ ഉമ്മൻ ചാണ്ടി നേടിയ 33,255 ആയിരുന്നു മണ്ഡലത്തിലെ ഇതുവരെയുള്ള കൂടിയ ഭൂരിപക്ഷം. 1970ലെ ആദ്യ തിരഞ്ഞെടുപ്പിൽ ലഭിച്ച 7,286, 2021ലെ ജെയ്ക്ക് സി.തോമസിനെതിരെ നേടിയ 9,044 എന്നിവയാണ് മണ്ഡ‍ലത്തിൽ ഉമ്മൻ ചാണ്ടിയുടെ കുറഞ്ഞ ഭൂരിപക്ഷങ്ങൾ. കഴിഞ്ഞതവണ പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടിയെ തളയ്ക്കാൻ ജെയ്ക്കിനായിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിലൂടെ ഉമ്മൻ ചാണ്ടിയുടെ മകൻ തന്നെ ആ കുറവ് നികത്തി.

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ പ്രധാന എതിരാളികളും ഉമ്മൻ ചാണ്ടിക്കു ലഭിച്ച ഭൂരിപക്ഷവും

∙ 1970: ഇ.എം.ജോർജ് (സിപിഎം)– 7,286
∙ 1977: പി.സി.ചെറിയാൻ (ജനതാ പാർട്ടി)– 15,910
∙ 1980: എം.ആർ.ജി.പണിക്കർ (എൻഡിപി)– 13,659
∙ 1982: തോമസ് രാജൻ (കോൺഗ്രസ്. എസ്)– 15,983
∙ 1987: വി.എൻ.വാസവൻ (സിപിഎം)– 9,164
∙ 1991: വി.എൻ.വാസവൻ (സിപിഎം)– 13,811
∙ 1996: റെജി സക്കറിയ (സിപിഎം)– 10,155
∙ 2001: ചെറിയാൻ ഫിലിപ് (സിപിഎം സ്വത)– 12,575
∙ 2006: സിന്ധു ജോയ് (സിപിഎം)– 19,863
∙ 2011: സുജ സൂസൻ ജോർജ് (സിപിഎം)– 33,255
∙ 2016: ജെയ്ക്ക് സി.തോമസ് (സിപിഎം)– 27,092
∙ 2021: ജെയ്ക്ക് സി.തോമസ് (സിപിഎം)– 9,044

English Summary: Puthuppally Byelection: Chandy Oommen Has Highest Majority Among UDF MLAs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com