തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളി അമിട്ട്; വരാനിരിക്കുന്ന അമിട്ടുകളുടെ തുടക്കം: ഉമ തോമസ്
Mail This Article
പുതുപ്പള്ളി ∙ തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലുമുണ്ടായ മിന്നുന്ന വിജയത്തിലൂടെ പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ ശക്തമായ താക്കീതാണ് നൽകിയിരിക്കുന്നതെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന തുടർച്ചയായ ആക്രമണങ്ങൾ ജനം മറക്കില്ലെന്ന് ഉമ തോമസ് ചൂണ്ടിക്കാട്ടി. അതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിലെ ജനം നൽകിയതെന്നും ഉമ തോമസ് മനോരമ ഓൺലൈനോടു പറഞ്ഞു.
‘‘ഉമ്മൻ ചാണ്ടി നെഞ്ചിലേറ്റിയ നാടല്ലേ പുതുപ്പള്ളി. ഇത് ഉമ്മൻ ചാണ്ടി 53 വർഷം താലോലിച്ച് കൊണ്ടു നടന്ന മണ്ഡലമാണ്. ഇതിൽകുറഞ്ഞ എന്ത് യാത്രയയപ്പാണ് പുതുപ്പള്ളിക്കാർക്ക് അദ്ദേഹത്തിന് നൽകാനാവുക? ചരിത്രവിജയമുണ്ടാകുമെന്ന് ആദ്യമേ യുഡിഎഫ് പറഞ്ഞതാണ്. അദ്ദേഹത്തിനെതിരെ തുടർച്ചയായി നടന്ന ആക്രമണങ്ങളും ജനങ്ങൾ മറക്കില്ല. അതിനെതിരെയുള്ള മറുപടിയാണിത്.’ – ഉമ തോമസ് പറഞ്ഞു.
‘‘പിണറായി വിജയൻ സർക്കാരിന് ജനങ്ങളുടെ ശക്തമായ താക്കീതു കൂടിയാണിത്. തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളി. ഇത് രണ്ടാമത്തെ അമിട്ടാണ് പൊട്ടിയിരിക്കുന്നത്. ഭാവിയിൽ വരാനിരിക്കുന്ന അമിട്ടുകളുടെ തുടക്കമാണിത്. പോളിങ് ശതമാനം കുറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടിയെ നെഞ്ചിലേറ്റിയ ജനങ്ങൾ മികച്ച വിജയം നൽകുമെന്ന് ഉറപ്പായിരുന്നു. തീർച്ചയായും ഉപതിരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്.’ – ഉമ തോമസ് പറഞ്ഞു.
English Summary: Thrikkakara MLA Uma Thomas response to Puthuppally byelection result