2026ല്‍ ജി20 അധ്യക്ഷസ്ഥാനം വഹിക്കുമെന്ന് യുഎസ്; ശക്തമായ എതിര്‍പ്പുമായി ചൈന
Mail This Article
ന്യൂഡല്‍ഹി∙ 2026ല്‍ ജി20യുടെ അധ്യക്ഷ സ്ഥാനം യുഎസ് വഹിക്കുമെന്ന ജോ ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ചൈന രംഗത്ത്. അധ്യക്ഷ സ്ഥാനം അംഗരാജ്യങ്ങള്‍ ഊഴമിട്ട് എടുക്കുകയാണ് പതിവ്. എന്നാല്‍ ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കു ശേഷം അധ്യക്ഷസ്ഥാനം തങ്ങള്‍ക്കാണെന്ന് അമേരിക്ക വ്യക്തമാക്കിയതാണ് വിവാദത്തിനു വഴിവച്ചത്.
ചൈന ഉന്നയിച്ച എതിര്‍പ്പിനെ റഷ്യയും പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചൈന എതിര്‍പ്പ് പ്രകടിപ്പിച്ച കാര്യം ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ എതിര്‍പ്പ് ഔദ്യോഗികമായി രേഖപ്പെടുത്തണമെന്ന് ചൈന ആവശ്യപ്പെട്ടുവെന്നാണു സൂചന.
2025 ആകുമ്പോഴേക്കും എല്ലാ അംഗരാജ്യങ്ങളും ഒരുവട്ടമെങ്കിലും അധ്യക്ഷത വഹിച്ചിട്ടുണ്ടാകുമെന്നും 2008ലെ ആദ്യ വാഷിങ്ടന്‍ ജി20ക്ക് യുഎസ് ആണ് ആതിഥേയത്വം വഹിച്ചതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ചൈനീസ് എതിര്‍പ്പിനു കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
തയ്‌വാന്‍ വിഷയം മുതല്‍ സാങ്കേതികവിദ്യ കയറ്റുമതി നിയന്ത്രണം വരെ യുഎസും ചൈനയും തമ്മിലുള്ള അഭിപ്രായഭിന്നത ഉച്ചകോടിയില്‍ നിഴലിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ഇത്തവണ ജി20 ഉച്ചകോടിയില്‍നിന്നു വിട്ടുനില്‍ക്കുകയാണ്.
ജി20 അംഗരാജ്യങ്ങള്‍ പ്രാദേശിക ഉപഗ്രൂപ്പുകളായി തിരിഞ്ഞാണ് ആര് ആതിഥേയത്വം വഹിക്കണമെന്നു തീരുമാനിക്കുന്നത്. കാനഡ, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് അമേരിക്കയുള്ളത്.
English Summary: China Questions Why US Should Get First Shot To Chair G20 Again