നൂഹ് കലാപം: ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി∙ ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. ഹരിയാന പൊലീസാണ് മോനു മനേസറിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ രാജസ്ഥാനിൽ രണ്ടു മുസ്‍ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ് ബജ്റംഗ്ദൾ പ്രവർത്തകനായ മോനു മനേസർ.
രാജസ്ഥാൻ ഭാരത്പുർ സ്വദേശികളായ നാസിർ (25), ജുനൈദ് (35) എന്നിവരെ ഫെബ്രുവരി 15നാണ് തട്ടിക്കൊണ്ടുപോയത്. പിറ്റേദിവസം ഹരിയാനയിലെ ഭിവാനിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇവരെ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് മനേസറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നു വൈകുന്നേരത്തോടെ മനേസറിന് ജാമ്യം ലഭിച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ മുസ്‍ലിം ഭൂരിപക്ഷപ്രദേശമായ നൂഹിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ റാലിക്കുനേരെ ഒരുകൂട്ടമാളുകൾ ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനും ഉൾപ്പെടുന്നു.
നൂഹിലെ റാലിയിൽ മോനു മനേസർ പങ്കെടുക്കുമെന്ന വിവരം പുറത്തുവന്നതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഇതു പിന്നീട് ഗുരുഗ്രാമിലേക്കും മറ്റു മേഖലകളിലേക്കും പടർന്നു. കൊലപാതകക്കേസിൽ ഒളിവിൽ കഴിയവേ താൻ പങ്കെടുക്കുമെന്ന് റാലിക്ക് ദിവസങ്ങൾ മുൻപ് ഒരി വിഡിയിയോലൂടെ അറിയിച്ചിരുന്നു. എന്നാൽ, വിഎച്ച്പിയുടെ നിർദേശപ്രകാരം മോനു മനേസർ റാലിയിൽ പങ്കെടുത്തില്ല.
English Summary: Cow Vigilante Monu Manesar, Wanted For Double Murder And Riots, Detained