ADVERTISEMENT

തിരുവനന്തപുരം ∙ പിതാവിന്റെ പിൻഗാമിയായി നിയമസഭയിലെത്തിയ ആദ്യദിനം തന്നെ അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്കു സാക്ഷ്യം വഹിച്ച് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ അന്വേഷണ റിപ്പോർട്ട് നിയമസഭയിലെ തന്റെ ആദ്യദിനം തന്നെ ചർച്ച ചെയ്തതു പിതാവിനു കിട്ടിയ നീതിയെന്നായിരുന്നു ചാണ്ടിയുടെ പ്രതികരണം.

സഭയിൽ കന്നിപ്രസംഗത്തിന് ഇന്നലെ അവസരം കിട്ടിയില്ലെങ്കിലും ശക്തമായ ഭാഷയിൽ ചാണ്ടി സഭയ്ക്കു പുറത്തു മാധ്യമങ്ങളോടു പ്രതികരിച്ചു. പരാതി എഴുതിവാങ്ങി കള്ളക്കേസെടുത്ത് ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചത് ആരെന്നു പകൽപോലെ വ്യക്തമാണ്. ആരോപണമായല്ല, വിലകുറഞ്ഞ കെട്ടുകഥയായാണു കാണുന്നതെന്നു ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന്, ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ ഇന്നലെ രാവിലെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലെത്തിയത്. ചോദ്യോത്തര വേളയ്ക്കുശേഷം 10നു പി.സി.വിഷ്ണുനാഥിനൊപ്പമായിരുന്നു ചാണ്ടിയുടെ സഭാപ്രവേശം. പ്രതിപക്ഷം കയ്യടിച്ചു സ്വാഗതം ചെയ്തപ്പോൾ, ഭരണപക്ഷ ബെഞ്ചിൽ നിശബ്ദത. സ്പീക്കർ എ.എൻ.ഷംസീറിനു മുൻപിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ. സാക്ഷികളായി സഭാ ഗാലറിയിൽ അമ്മ മറിയാമ്മ, സഹോദരി മറിയ ഉമ്മൻ, മറിയയുടെ മകൻ എഫിനോവ എന്നിവർ. വി.എം.സുധീരൻ, ജെബി മേത്തർ, പുതുപ്പള്ളിയിൽ ചീഫ് ഇലക്‌ഷൻ ഏജന്റായിരുന്ന ജോഷി ഫിലിപ്, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് എന്നിവർ സാക്ഷ്യം വഹിക്കാനെത്തി.

സത്യവാചകം ചൊല്ലിയ ശേഷം സ്പീക്കറുടെ ചെയറിനു സമീപമെത്തി ഹസ്തദാനം ചെയ്ത ചാണ്ടി, മുഖ്യമന്ത്രി ഉൾപ്പെടെ ഭരണപക്ഷത്തെ മുൻനിരക്കാർക്കെല്ലാം കൈ കൊടുത്തു. രണ്ടാം നിരയിൽ നിന്ന് കെ.ബി.ഗണേഷ്കുമാർ ഉൾപ്പെടെ ചിലരും അഭിനന്ദിക്കാനെത്തി. യുഡിഎഫിലെ യുവനിരയാണു ചാണ്ടിയെ ഇരിപ്പിടത്തിലേക്ക് ആനയിച്ചത്. തൃക്കാക്കരയിൽ നിന്നു വിജയിച്ചെത്തിയ ഉമ തോമസിനു സമീപം പിൻനിരയിലാണ് ഇരിപ്പിടം. എംഎൽഎ ഹോസ്റ്റലിൽ ചാണ്ടി ഉമ്മനു മുറിയും അനുവദിച്ചു. സീനിയോറിറ്റി പരിഗണിച്ചാണു മുറി അനുവദിക്കുക. ഉമ്മൻ ചാണ്ടി ഉപയോഗിച്ചിരുന്ന മുറിയിലേക്ക് എൽദോസ് കുന്നപ്പള്ളി മാറിയിരുന്നു. കുന്നപ്പള്ളിയുടെ മുറി റോജി എം.ജോണിനു നൽകി. നിള ബ്ലോക്കിൽ റോജി ഉപയോഗിച്ചിരുന്ന മുറിയാണു ചാണ്ടിക്കു ലഭിക്കുക.

സത്യപ്രതിജ്ഞയ്ക്കു മുൻപ് പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, പാളയം ജുമാ മസ്ജിദ് എന്നിവിടങ്ങൾ സന്ദർശിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ടി.എ.ആന്റണി, ബ്ലോക്ക് പ്രസിഡന്റുമാർ തുടങ്ങി ഒട്ടേറെപ്പേർ പുതുപ്പള്ളിയിൽ നിന്നെത്തിയിരുന്നു.വൈകിട്ട് കെ.കരുണാകരൻ, അയ്യങ്കാളി, മഹാത്മാ ഗാന്ധി എന്നിവരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. ഡിസിസി ഓഫിസിലെ സ്വീകരണത്തിനു ശേഷം പാളയം രക്തസാക്ഷി മണ്ഡപവും സന്ദർശിച്ചു.

English Summary: First Day of Chandy Oommen at Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com