ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ മരിച്ച രണ്ടുപേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശോധനാഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ്പ സംശയിക്കുന്നവരുടെ വിവരം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ചത് നിലവിലെ മാനദണ്ഡപ്രകാരമുള്ള നടപടികളാണ്. ഇക്കാര്യത്തിൽ ഒരു ആശയക്കുഴപ്പവും നിലവിലില്ലെന്നും വീണ പറഞ്ഞു.

‘‘പുണെയിലേക്ക് സാംപിൾ അയച്ചിട്ടുണ്ട്. സാംപിൾ അവിടെ പരിശോധിക്കുകയാണ്. ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരും സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യത്തെ മരണത്തിനു പിന്നാലെ, ആ വ്യക്തിയുടെ ബന്ധുക്കൾ പനി ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോഴാണ് സംശയമുണ്ടായത്.

തുടർന്നാണ് കോൺടാക്ട് ട്രെയ്സിങ്ങും എങ്ങനെ, ആരിലേക്കൊക്കെ പനി പകർന്നു എന്നുള്ളതും പരിശോധിച്ചത്. പുണെയിലെ ഇതുമായി ബന്ധപ്പെട്ട വ്യക്തികളുമായും സംസാരിച്ചിരുന്നു. പരിശോധന കഴിഞ്ഞോ എന്ന് ചോദിച്ചിരുന്നു. പരിശോധന നടക്കുന്നുവെന്നാണ് പുണെയിൽനിന്ന് അറിയിച്ചത്’’– മന്ത്രി പറ‍ഞ്ഞു.

നിപ്പ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും പറ‍ഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരോഗ്യമന്ത്രി വിളിച്ചപ്പോഴും ഫലം ആയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്ട് മരിച്ച രണ്ടുപേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് അറിയിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് സംസ്ഥാന മന്ത്രിമാരുടെ പ്രതികരണം.

English Summary: Minister Veena George says, Nipah Virus has not been confirmed in Kozhikode 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com