ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിൽ നടന്ന വിജയകരമായ ജി20 ഉച്ചകോടിക്കു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ ബിജെപി. ഇതിനായി, ആയിരക്കണക്കിന് പ്രവർത്തകർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് വൈകിട്ട് ഒത്തുകൂടും. ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതും ഡൽഹി പ്രഖ്യാപനത്തിൽ സമവായം കൈവരിക്കാൻ കഴിഞ്ഞതും ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

ശേഷം മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്നു ചേരുന്ന യോഗത്തിൽ മധ്യപ്രദേശിലെ 50 മണ്ഡലങ്ങളിലെയും ഛത്തീസ്ഗഡിലെ 35 മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

ഓഗസ്റ്റ് 16ന് ചേർന്ന യോഗത്തിനുശേഷം, മധ്യപ്രദേശിലെ 39 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡിലെ 21 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ബിജെപിക്ക് സിറ്റിങ് എംഎൽഎമാരില്ലാത്ത സീറ്റുകളായിരുന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളും ഛത്തീസ്ഗഢിൽ 90 സീറ്റുകളുമാണുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.

തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി ഇതാദ്യമായാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിക്കുള്ളിലെ സംഘർഷം ഒഴിവാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഈ വർഷം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ബിജെപിക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു.

English Summary: BJP to accord grand welcome to PM Modi for G20 Summit at Party headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com