‘ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?; അച്യുതാനന്ദൻ നടന്നുകയറി, പിണറായി ലിഫ്റ്റ് വച്ചു’
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനം ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന കാലഘട്ടമാണിതെന്നും പാഴ്ചെലവുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും നിയമസഭയില്‍ ആരോപിച്ച് രമേശ് ചെന്നിത്തല എംഎല്‍എ. കേരളത്തിന്റെ ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റോജി ജോണ്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ വസ്തുതകള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. പാഴ്ചെലവുകളാണ് നടത്തുന്നത്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് അസുഖം ബാധിച്ചപ്പോള്‍ ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുളം നിര്‍മിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ.നായനാര്‍ ഉള്‍പ്പെടെ അതിനെ വിമര്‍ശിച്ചു. ഇവിടെ പട്ടിയെ കുളിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ക്ലിഫ് ഹൗസില്‍ പട്ടിയാണോ കുളിക്കുന്നത്, കുട്ടിയാണോ കുളിക്കുന്നത്?
അച്യുതാനന്ദനെപ്പോലെ 100 വയസുണ്ടായിരുന്ന മുഖ്യമന്ത്രി നടന്നുകയറിയ ക്ലിഫ് ഹൗസില്‍ പിണറായി വിജയന് 25 ലക്ഷം രൂപയുടെ ലിഫ്റ്റ് സ്ഥാപിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി കോട്ട കെട്ടി കോട്ടയ്ക്ക് അകത്തിരിക്കുകയാണ്. 45 ലക്ഷം രൂപയ്ക്ക് പശുത്തൊഴുത്ത് ഉണ്ടാക്കി. മുന്തിയ ഇനം പശുക്കളെ കൊണ്ടുവന്നു. പശുക്കള്‍ ചുരത്താന്‍ വേണ്ടി എ.ആര്.റഹ്മാന്റെ പാട്ട് വരെ നിങ്ങള്‍ അവിടെ വച്ചു. കേരളത്തിന്റെ സാമ്പത്തിക രംഗം തകര്‍ത്തുതരിപ്പണമാക്കിയ ആളുകളാണ് നിങ്ങള്‍' - ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ 19 എംപിമാര്‍ ജയിച്ചത് ഉള്‍ക്കൊള്ളാന്‍ കടകംപള്ളി സുരേന്ദ്രനു കഴിഞ്ഞിട്ടില്ല. അതില്‍ അദ്ദേഹത്തിനുള്ള കടുത്ത നിരാശ ഇപ്പോഴും മാറിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രി ബാലഗോപാല്‍ വിളിച്ചിട്ടു കോണ്‍ഗ്രസിന്റെ എംപിമാര്‍ പോയില്ല എന്ന കടകംപള്ളിയുടെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു ചെന്നിത്തല. വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍ എംപിമാര്‍ പോകും. കേരളത്തിന്റെ മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിക്കുന്നത് ഓണ്‍ലൈനിലാണ്. എത്രയോ നാളായി ഓണ്‍ലൈനിലൂടെ അദ്ദേഹം മന്ത്രിസഭാ യോഗം നടത്തുന്നു. സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപിമാരെ അപമാനിക്കാനാണ് കടകംപള്ളി ശ്രമിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
English Summary: Ramesh Chennithala about economic crisis of State in Kerala Assembly