ഉത്തരാഖണ്ഡിലെ മദ്രസകളിൽ സംസ്കൃതം; ‘പുതിയകാല വെല്ലുവിളികൾ നേരിടാനാകും’
Mail This Article
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ മദ്രസകളിൽ ഇനി സംസ്കൃതവും പഠിക്കാൻ അവസരമുണ്ടാകുമെന്നു സംസ്ഥാന വഖഫ് ബോർഡ്. വിദ്യാർഥികളുടെ നല്ല ഭാവിക്കായാണ്, വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത മദ്രസകളിൽ സംസ്കൃത പഠനം കൊണ്ടുവരുന്നതെന്നു ചെയർമാൻ ഷദാബ് ഷാംസ് പറഞ്ഞു.
‘‘ദേവഭൂമിയായ ഉത്തരാഖണ്ഡിൽ സംസ്കൃതം പഠിപ്പിച്ചില്ലെങ്കിൽ പിന്നെ മറ്റെവിടെയാണു പഠിപ്പിക്കുക? വിദ്യാർഥികൾക്ക് എല്ലാ ഭാഷകളെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും അറിവുവേണം. മദ്രസകളിലെ വിദ്യാഭ്യാസം ഒരിക്കലും ചുരുക്കരുത്. മുസ്‌ലിം വിദ്യാർഥികൾക്ക് എല്ലാം പഠിക്കാനുള്ള അവകാശമുണ്ട്. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ സംസ്കൃതപഠനം സഹായിക്കും.
ഇത്തരം നടപടി, എ.പി.ജെ. അബ്ദുൽ കലാം പോലെയുള്ള മാതൃകാവ്യക്തിത്വങ്ങളെ പിന്തുടരാൻ വിദ്യാർഥികളെ അനുവദിക്കും. ഇസ്‍ലാമിക പഠനവും ശാസ്ത്രവും സംയോജിച്ചുള്ളതാകണം മദ്രസകളിലെ പാഠ്യപദ്ധതി. സംസ്ഥാനത്തെ 117 വഖഫ് ബോർഡ് മദ്രസകളിൽ എൻസിഇആർടി സിലബസ് നടപ്പാക്കാൻ തീരുമാനിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് ഇനി ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, അറബിക് തുടങ്ങിയവ പഠിക്കാം’’– വാർത്താ ഏജൻസിയായ പിടിഐയോട് ഷദാബ് ഷാംസ് പറഞ്ഞു.
English Summary: Uttarakhand Madrassas To Teach Sanskrit, Says Waqf Board Chairman