63 മൈൽ വേഗത്തിൽ പാഞ്ഞ പൊലീസ് കാർ ജാനവിയെ ഇടിച്ച് തെറിപ്പിച്ചത് 100 അടി ദൂരത്തേക്ക്; പരിഹാസവുമായി ഉദ്യോഗസ്ഥൻ
Mail This Article
വാഷിങ്ടൻ∙ സൗത്ത് ലേക് യൂനിയനിൽ ഇന്ത്യൻ വിദ്യാർഥിനി പൊലീസ് കാർ ഇടിച്ച് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യാർഥിനി പൊലീസ് പട്രോളിങ് വാഹനമിടിച്ച് കൊല്ലപ്പെട്ടതിനെക്കുറിച്ച് പരിഹാസത്തോടെ സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിയാറ്റിൽ പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ചാണ് 23കാരിയായ ജാനവി കന്ദുല കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റേൺ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയിരുന്നു ജാനവി. കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ ജാനവി 100 അടി ദൂരത്തേക്ക് തെറിച്ചുപോയി. അപകടം നടക്കുമ്പോൾ 63 മൈൽ വേഗത്തിലായിരുന്നു കാർ. ഇവിടെ 25 മൈൽ വേഗത്തിലെ കാർ ഓടിക്കാൻ പാടുള്ളു.
ജാനവിയെ ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്ന പൊലീസ് ഓഫിസർ കേസിന്റെ അന്വേഷണത്തെക്കുറിച്ച്, മറ്റൊരു ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ പ്രസ്താവനയാണ് വിവാദമായത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധിപ്പേർ രംഗത്തുവരികയും ചെയ്തു. മരണത്തെ നിസാരവത്കരിക്കുന്ന രീതിയിലുള്ള സംസാരമാണ് ഓഫിസറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു വിമർശനം. സിയാറ്റിൽ പൊലീസ് ഓഫിസേഴ്സ് ഗിൽഡിന്റെ വൈസ് പ്രസിഡന്റ് ഡാനിയേൽ ഓദരേര്‍, പ്രസിഡന്റ് കെവിൻ ഡേവ് എന്നിവർ തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.
താൻ ഒരാളെ ഇടിച്ചെന്നും അവർ മരിച്ചെന്നും ഡാനിയേൽ പറയുന്നുണ്ട്. സാധാരണ പോലത്തെ സംഭവമാണെന്നും 11,000 ഡോളറിന്റെ ചെക്ക് എഴുതണമെന്നും പറയുന്നത് വിഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. പിന്നാലെ ഇയാൾ ചിരിക്കുന്നതും കേൾക്കാം. മരിച്ച യുവതിക്ക് അത്രയേ മൂല്യമുള്ളൂ എന്ന പരാമര്‍ശത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. പൊലീസ് അക്കൗണ്ടബിലിറ്റി ഓഫിസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
English Summary: Indian Student Flung 100 Feet After Police Car hit her