നീന്തൽ പഠനത്തിനിടെ കുളത്തിൽ മുങ്ങിത്താഴ്ന്ന് പതിമൂന്നുകാരൻ; കോരിയെടുത്ത് രാഹുൽ: അഭിനന്ദനപ്രവാഹം
Mail This Article
മുക്കം∙ നിന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിത്താഴ്ന്ന പതിമൂന്നുകാരനായ വിദ്യാർഥിയെ രക്ഷിച്ച രാഹുലിന് അഭിനന്ദന പ്രവാഹം. കൊടിയത്തൂര്‍ കോട്ടമ്മല്‍ കെ.പി അഷറഫ്-ഷറീന ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിം ആണ് അപകടത്തിൽപ്പെട്ടത്. സമീപവാസി നെല്ലിക്കാപറമ്പ് മാട്ടുമുറി സ്വദേശി രാഹുലിന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്. രാഹുലിനെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ആദരിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. കുടുംബവീട്ടിലേക്ക് വിരുന്നിനെത്തിയ വിദ്യാർഥി നീന്തൽ പഠിക്കുന്നതിനായി കുളത്തിൽ ഇറങ്ങുകയായിരുന്നു. കൈകാലുകൾ കുഴഞ്ഞ് വിദ്യാർഥി വെള്ളനിടിയിലേക്ക് പോയതോടെ ഒപ്പമുണ്ടായിരുന്നവർ ബഹളമുണ്ടാക്കി. ഓടിയെത്തിയവർ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴമുള്ള പ്രദേശമായതിനാൽ ഇവർ പിന്മാറി. ഇതിനിടയിലാണ് രാഹുൽ കുളത്തിലേക്ക് ഇറങ്ങിയത്. വെള്ളത്തിൽ കമിഴ്ന്നുകിടക്കുകയായിരുന്നു ജാസിമിനെ, രാഹുൽ കരയ്‌ക്കെത്തിച്ചു.
വാര്‍ഡ് മെമ്പര്‍ ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്‍കുകയും മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിക്കുകയുമായിരുന്നു. ഇതിനിടയിൽ കൂടെയുണ്ടായിരുന്ന നിധിന്‍ കുട്ടിക്ക് സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. പിടിഎം ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അപകടത്തിൽപ്പെട്ട മുഹമ്മദ് ജാസിം. അപകടാവസ്ഥ പിന്നിട്ട വിദ്യാര്‍ഥി കെഎംസിടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
English Summary: A local man rescued a 13-year-old student who drowned in a pond while studying Swimming