ADVERTISEMENT

ആലപ്പുഴ∙ പത്രമെടുക്കാൻ പോയ പത്ര വിതരണക്കാരൻ കുഴഞ്ഞുവീണു മരിച്ചതെന്ന് കരുതിയത് വാഹനാപകടമെന്നു കണ്ടെത്തൽ. അപകടശേഷം നിർത്താതെ പോയ തമിഴ്നാട് ബസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ കൈതവന വാർഡിൽ സനാതനപുരം പാർവ്വതി മന്ദിരത്തിൽ ദത്തൻ (73) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടുകാർ സ്വാഭാവിക മരണമെന്നു കരുതി പൊലീസ് സ്റ്റേഷനിൽനിന്നും എൻഒസി സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോൾ ഉദ്യോഗസ്ഥർക്കു തോന്നിയ സംശയത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനാപകട മരണമാണെന്നു കണ്ടെത്തിയത്.

മൃതദേഹം പരിശോധിച്ച പൊലീസ്, ശരീരത്തിൽ കണ്ട പരുക്കുകളിൽ സംശയമുള്ളതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് നിർദേശിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ദത്തനേറ്റ പരുക്ക്, സൈക്കിളിൽനിന്ന് തനിയെ വീണുണ്ടായതല്ലെന്നും ഏതെങ്കിലും വാഹനം ഇടിച്ചതു മൂലമുണ്ടായ പരുക്കുകളാണെന്നും പൊലീസ് സർജൻ ഡോക്ടർ ജംഷിദ് അഭിപ്രായപ്പെട്ടു.

തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഈ മാസം മൂന്നിനു പുലർച്ചെ നാലു മണിയോടെ പത്രമെടുക്കാൻ ആലപ്പുഴ ബസ് സ്റ്റാൻഡിലേക്കു സൈക്കിളിൽ പോയ ദത്തനെ തമിഴ്നാട് എസ്ഇടിസി ബസ് പഴവങ്ങാടി പള്ളിയ്ക്കു സമീപം വച്ച് ഇടിച്ചുവീഴ്ത്തി നിർത്താതെ പോവുകയായിരുന്നെന്ന് വ്യക്തമായി. തുടർന്ന് ബസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ്.അരുൺ, എസ്ഐമാരായ ഗിരീഷ് കുമാർ, എസ്ഐ ടി.സി.ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാത്യു ജോസഫ്, വികാസ് ആന്റണി എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary: Newspaper Agent Died in Accident at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com