ബന്ധം വഷളാകുന്നു: കനേഡിയൻ മന്ത്രിയുടെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റി
Mail This Article
ന്യൂഡല്‍ഹി∙ ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിന്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. വ്യാപാര ദൗത്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 9നാണ് ഇന്ത്യ സന്ദർശിക്കേണ്ടതായിരുന്നത്. എന്നാൽ, സന്ദർശനം മാറ്റിവച്ചതായി മന്ത്രിയുടെ വക്താവ് അറിയിച്ചു. മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമല്ല.
മാധ്യമങ്ങളിലൂടെയാണ് തീരുമാനം അറിഞ്ഞതെന്ന് മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. കാനഡ–ഇന്ത്യ സ്വതന്ത്രവ്യാപാര കരാർ ചർച്ചകൾ നിർത്തിവച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. ഈ വർഷം മേയിൽ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉഭയകക്ഷി സന്ദർശനത്തിനായി കാനഡയിൽ എത്തിയപ്പോഴാണ് വ്യാപാര ദൗത്യം പ്രഖ്യാപിച്ചത്.
കാനഡയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമേ സ്വതന്ത്ര വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കുകയുള്ളൂവെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം രണ്ടിനാണ് ചര്‍ച്ചകളില്‍നിന്ന് കാനഡ ഏകപക്ഷീയമായി പിന്മാറിയത്. കാനഡയിലെ ഇന്ത്യവിരുദ്ധ നീക്കങ്ങള്‍ തടയുന്നതിലെ അലംഭാവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റിന്‍ ട്രൂഡോയെ പ്രതിഷേധം അറിയിച്ചിരുന്നു.
കാനഡയിലെ ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ ഈ മാറ്റിവയ്ക്കൽ. ജി20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ, ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അറിയിച്ചിരുന്നു.
English Summary: Canadian Trade Minister Postpones Visit To India