ADVERTISEMENT

കോഴിക്കോട്∙ എൻഐടി അനധ്യാപക തസ്തികയിലേക്ക് നടത്തിയ പരീക്ഷയ്ക്കിടെയുണ്ടായ കോപ്പിയടിയുടെ വിവരങ്ങൾ പൊലീസിന് കൈമാറാത്തത് വിവാദത്തിൽ. ജൂലൈ 10 മുതൽ 13 വരെ എൻഐടി ക്യാംപസിൽ വച്ച് നടന്ന സ്ഥിരം നിയമന ഒന്നാം ഘട്ട പരീക്ഷയ്ക്കിടെയുണ്ടായ കോപ്പിയടിയുടെ പേരിൽ ഹരിയാന സ്വദേശികളായ 2 പേരെ പിടികൂടി. സംഭവം അറിഞ്ഞ് കുന്നമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തി അധികൃതരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും പിടികൂടിയ പ്രതികളെ കൈമാറുകയോ, പൊലീസിൽ പരാതി നൽകുകയോ ചെയ്തില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.

സമാന ദിവസങ്ങളിൽ പരീക്ഷ എഴുതിയവരെ പെട്ടെന്ന് തന്നെ ജോലിയിൽ നിയമിച്ചത് ദുരൂഹമാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്തെത്തി. കോപ്പിയടിക്ക് ഇടയിൽ പിടിയിലായ ഹരിയാന സ്വദേശികളിൽനിന്നും ചെറിയ തരം ഇയർ ബഡ്ഡുകൾ, മൈക്ക് എന്നിവ പിടികൂടിയിരുന്നു. പരീക്ഷാ ഹാളിലെ ഉദ്യോഗാർഥിയുടെ നമ്പറിൽനിന്നും ഡൽഹിയിലെ ഒരു നമ്പറിലേക്കു ഫോൺ വിളിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് എൻഐടി അധികൃതർ ഉദ്യോഗാർഥികളെ ഡീബാർ ചെയ്തു.

ആദ്യഘട്ട പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നു എന്നാണ് ആരോപണം. പരീക്ഷ എഴുതാനെത്തിയവർക്കു കൃത്യമായ ഇരിപ്പിടം ക്രമീകരിക്കാത്തതു മൂലം ഉദ്യോഗാർഥികളുടെ ഇഷ്ടാനുസരണം ഒന്നിച്ചിരുന്നും മറ്റും പരീക്ഷ എഴുതുകയായിരുന്നു. ഉദ്യോഗാർഥികളുടെ തിരിച്ചറിയൽ കാർഡ് വെരിഫിക്കേഷൻ നടത്തിയശേഷം പുറത്തിറങ്ങാൻ അനുവദിക്കുക, സമയക്രമം ഇല്ലാതെ പരീക്ഷ നടത്തുക തുടങ്ങിയ പരാതികളും ഉയർന്നു. ഹൈടെക് കോപ്പിയടി നടന്നെന്നു കണ്ടെത്തിയിട്ടും നിയമനടപടി സ്വീകരിക്കാൻ പൊലീസിനു കൈമാറാതിരുന്നതും റാങ്ക് ലിസ്റ്റും ഷോർട് ലിസ്റ്റും കൃത്യമായി പ്രസിദ്ധീകരിക്കാതിരുന്നതും ദുരൂഹമാണ് എന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.

രാഷ്ട്രപതി, കാബിനറ്റ് സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി അയച്ചെങ്കിലും ഗുരുതരമായ ക്രമക്കേടിനെ മറികടക്കാനാണ് എൻഐടി അധികൃതരുടെ ശ്രമമെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. വിഎസ്എസ്‌സിയിൽ സമാന കോപ്പിയടിയെ തുടർന്ന് അധികൃതർ പരീക്ഷ റദ്ദാക്കിയിരുന്നു. പൊലീസ് കേസെടുത്ത് പത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. 

English Summary: VSSC model exam fraud suspected in NIT Calicut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com