പോരാട്ടം തുടർന്ന് സേന; അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ 100 മണിക്കൂർ പിന്നിട്ടു
Mail This Article
അനന്ത്‌നാഗ് ∙ ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ അഞ്ചാം ദിവസവും തുടരുന്നു. ഗാരോൾ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ ബുധനാഴ്ച ആരംഭിച്ച ശ്രമം 100 മണിക്കൂർ പിന്നിട്ടു. കനത്ത ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ, രണ്ടു സേനാ ഉദ്യോഗസ്ഥരും ഒരു ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു.
കഴിഞ്ഞ 100 മണിക്കൂറിനിടെ, സൈന്യം നൂറുകണക്കിന് മോർട്ടാർ ഷെല്ലുകളും റോക്കറ്റുകളും തൊടുത്തു വിട്ടിരുന്നു. ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നൂതന ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കളും വീഴ്ത്തി. ഓപ്പറേഷനിൽ ഡ്രോൺ ഉപയോഗിക്കുന്നതിന്റെ ചിത്രം സൈന്യം പുറത്തുവിട്ടിട്ടുണ്ട്. കനത്ത ഷെല്ലാക്രമണത്തിനിടെ, കഴിഞ്ഞ ദിവസം ഉച്ചയോടെ വനത്തിന്റെ ഒരു ഭാഗത്ത് തീപിടിച്ചെങ്കിലും അപ്രതീക്ഷിതമായ മഴയെത്തുടർന്ന് പെട്ടെന്ന് അണഞ്ഞു.
കരസേനയുടെ നോർത്തേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ചിരുന്നു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്. ഓപ്പറേഷനിടെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ബട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു സൈനികർക്ക് പരുക്കേറ്റിരുന്നു. മറ്റൊരാളെ കാണാതായെന്നും റിപ്പോർട്ടുണ്ട്.
English Summary: Anti-terrorist operation continues in Anantnag