‘ഇതൊരു വിമാനത്താവളമാണെന്ന് വിശ്വസിക്കില്ല’: പ്രശംസിച്ച് മാധവന്റെ വിഡിയോ; പ്രതികരിച്ച് മോദി
Mail This Article
ബെംഗളൂരു ∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പുതിയതായി തുറന്ന ടെർമിനലിന്റെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച് നടൻ ആർ.മാധവൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ ടെർമിനിലിന്റെ മനോഹാരിത വ്യക്തമാകുന്ന ദൃശ്യങ്ങളുമുണ്ട്.
‘‘ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം അവിശ്വസനീയമാണ്. എയർപോർട്ടിലെ പല ഭാഗങ്ങളിലും മച്ചിൽനിന്നും തൂങ്ങിക്കിടക്കുന്ന ചെടികളുണ്ട്, അവ യഥാർഥ ചെടികളാണ്. ദിവസവും അവയ്ക്കു വെള്ളം ഒഴിച്ചു പരിചരിക്കുന്നുണ്ട്. നിരവധി കാര്യങ്ങൾ നിർമിച്ചിരിക്കുന്നത് മുള കൊണ്ടാണ്. ആകർഷകമായ സ്ഥലമാണിത്. ഇതൊരു വിമാനത്താവളമാണെന്ന് ആരും വിശ്വസിക്കില്ല’’– മാധവൻ വിഡിയോയിൽ പറയുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങളാണു വിമാനത്താവളത്തിലുള്ളതെന്നും വളരെ അഭിമാനമുണ്ടെന്നുമാണ് വിഡിയോ സന്ദേശത്തിനൊപ്പം മാധവൻ കുറിച്ചത്. മാധവന്റെ വിഡിയോ സന്ദേശത്തോടു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രതികരിച്ചു. രാജ്യത്തിന്റെ വളർച്ചയ്ക്കായുള്ള പുതിയ തലമുറയുടെ അടിസ്ഥാന സൗകര്യങ്ങളെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. പിന്നാലെ നിരവധി പേർ ബെംഗളൂരു എയർപോർട്ടിനെ പ്രശംസിച്ച് രംഗത്തെത്തി.
English Summary: R Madhavan praised Bengaluru Airport