ADVERTISEMENT

തിരുവനന്തപുരം∙ ഐജി പി.വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി കെ.വേണു അധ്യക്ഷനായ സമിതിയുടെ ശുപാർശ. ഐജിയെ സർവീസിൽ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിനു തടസ്സമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് വിജയനെ സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മേയ് മാസത്തിൽ വിജയനെ സസ്പെൻഡ് ചെയ്തത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി രണ്ടു മാസത്തിനുശേഷം സസ്പെൻഷൻ നടപടികൾ പരിശോധിച്ച് ഐജിയെ തിരിച്ചെടുക്കണമെന്ന് ശുപാർശ ചെയ്തെങ്കിലും സർക്കാർ അനുകൂല നടപടിയെടുത്തില്ല. സസ്പെൻഷൻ തുടരേണ്ടതില്ലെന്നായിരുന്നു സമിതി ശുപാർശ. ഈ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് ഡിജിപിയുടെ വിലയിരുത്തലിനായി അയച്ചു. പി.വിജയന്റെ വിശദീകരണങ്ങൾ ഡിജിപി തള്ളി.

ഐജിക്ക് അനുകൂലമായാണ് രണ്ടാം തവണയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാനുള്ള അവസരം ഉണ്ടെന്നും, അപ്പോള്‍ വീഴ്ച കണ്ടെത്തിയാൽ നടപടിയാകാമെന്നുമാണ് ശുപാർശ. ചീഫ് സെക്രട്ടറി കെ.വേണു, തദ്ദേശഭരണവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ അഡീ.ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരാണ് സമിതിയിലുള്ളത്. കേന്ദ്ര ചട്ടമനുസരിച്ചാണ് സമിതിയെ നിയോഗിച്ചത്.

English Summary: Chief Secretary-Led Committee Pushes for Reinstatement of Suspended IG P. Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com