ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് ട്രൂഡോ; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ
Mail This Article
ടൊറന്റോ∙ ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയതെന്നാണ് റിപ്പോർട്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മോശമാക്കി കാനഡ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയത്
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ആരെയാണ് പുറത്താക്കിയതെന്നോ എവിടെനിന്നാണ് പുറത്താക്കിയതെന്നോ ഉള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
‘ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമെന്ന നിലയിൽ അസ്വീകാര്യമാണ്. അതുകൊണ്ടാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിവരം പുറത്തുവിടുന്നത്’ – മെലാനി ജോളി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
നേരത്തെ, ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമായതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വ്യക്തമാക്കിയിരുന്നു. കാനഡ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നുള്ളതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകൾ. ഒരു കാനഡ പൗരന്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ഹർദീപ് സിങ് നിജ്ജാർ. ഇതടക്കം 10 എഫ്ഐആറുകൾ ആണ് ഹർദീപിനെതിരെയുള്ളത്.കാനഡയിൽ പ്ലമർ ആയാണു ഹർദീപിന്റെ തുടക്കം. 2013ൽ പാക്ക് കെടിഫ് തലവൻ ജഗ്താർ സിങ് താരയെ സന്ദർശിച്ചു. 2015ൽ പാക്ക് ചാരസംഘടന ഐഎസ്ഐ ഹർദീപിന് ആയുധപരിശീലനം നൽകിയെന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുർ സ്വദേശിയാണ് നിജ്ജാർ.
അതേസമയം, നിജ്ജാറിന്റെ മരണത്തിനു പിന്നാലെ ഖലിസ്ഥാൻ തീവ്രവാദികൾ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചു തീയിട്ടതും ഇതിന്റെ തുടർച്ചയായാണ്. ഇതിനിടെ കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ റാലി ഇന്ത്യയുടെ അപ്രിയത്തിനു കാരണമായിരുന്നു. ഖലിസ്ഥാൻ തീവ്രവാദികളുടെ റാലിയുടെ പോസ്റ്ററിൽ ‘കിൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ, ടൊറന്റോയിലെ കോൺസുലർ ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങൾ നൽകിയതിനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. കാനഡ റാലിയെ അപലപിച്ചിരുന്നെങ്കിലും ശക്തമായ നടപടികളെടുക്കുന്നില്ലെന്ന ആക്ഷേപം ഇന്ത്യ ഉയർത്തിയിരുന്നു.
English Summary: Canada expels diplomat after PM Trudeau claims Indian hand in killing of Khalistani leader