ADVERTISEMENT

റാഞ്ചി∙ ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ച്‌പാഡ് നിർമിച്ച കമ്പനിയിലെ ടെക്നീഷ്യൻ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ റാഞ്ചിയിലെ വഴിയരികിൽ ഇഡ്ഡലി വിൽക്കുന്നുവെന്ന് റിപ്പോർട്ട്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്നിന്റെ ഫോർഡിങ് പ്ലാറ്റ്ഫോമും പേടകത്തിന്റെ സ്ലൈഡിങ് വാതിലും നിർമിച്ചത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എച്ച്ഇസി (ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ലിമിറ്റഡ്) എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ടെക്നീഷ്യൻ ആയിരുന്ന ദീപക് കുമാർ ഉപ്‌റാറിയ ആണ് ഇപ്പോൾ റാഞ്ചിയിലെ ധുർവ മേഖലയിലെ പഴയ നിയമസഭാ മന്ദിരത്തിന് എതിർവശത്ത് ഇഡ്ഡലി വിൽക്കുന്ന കട ആരംഭിച്ചത്.

 

എച്ച്ഇസി 18 മാസമായി ഇയാൾക്ക് ശമ്പളം നൽകുന്നില്ലെന്ന് രാജ്യാന്തരമാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ദീപക്കിനുമാത്രമല്ല, പല ജീവനക്കാർക്കും എച്ച്ഇസി ശമ്പളം നൽകിയിട്ടില്ലെന്നും പലരും പ്രതിഷേധം നടത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ 18 മാസമായി കമ്പനിയിലെ 2,800 ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേറേ വഴിയില്ലാത്തതിനാലാണ് ഇഡ്ഡലി വിൽപ്പനയ്ക്ക് ഇറങ്ങിയതെന്ന് ദീപക് ബിബിസിയോടു പറഞ്ഞു. എച്ച്ഇസിയിലെ ജോലിയും കടയിലെ ഇഡ്ഡലി വിൽപ്പനയും ഒരുമിച്ചുകൊണ്ടുപോകുകയാണ്. ജോലിക്കു പോകുന്നതിനു മുന്‍പ് രാവിലെ ഇ‍ഡ്ഡലി വിൽക്കും. ഉച്ചയ്ക്കുശേഷമാണ് ജോലിക്കുപോകുക. വൈകുന്നേരം തിരിച്ചെത്തി വീണ്ടും ഇഡ്ഡലി വിൽക്കും. എന്നിട്ടേ വീട്ടിലേക്കു മടങ്ങുകയുള്ളൂ.

 

‘‘ക്രെഡിറ്റ് കാർ‍ഡ് ഒക്കെ ഉപയോഗിച്ചാണ് വീട്ടിലെ കാര്യങ്ങൾ നടത്തിയത്. പിന്നീട് രണ്ടു ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി. പിന്നെ ബന്ധുക്കളിൽനിന്നൊക്കെ കടംവാങ്ങാൻ തുടങ്ങി. ഇതുവരെ നാലു ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. പണം തിരികെക്കൊടുക്കാത്തതിനാൽ ഇപ്പോൾ ആരും കടം തരുന്നില്ല. ഭാര്യയുടെ ആഭരണങ്ങൾ പണയം വച്ചാണ് മുന്നോട്ടുപോയത്.

 

പട്ടിണി കിടക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് ഇത്തരമൊരു സാധ്യത ആലോചിച്ചത്. ഭാര്യ നന്നായി ഇഡ്ഡലി ഉണ്ടാക്കും. ഒരു ദിവസം ഇഡ്ഡലി വിറ്റ് 300–400 രൂപ നേടാറുണ്ട്. 50–100 രൂപ വരെ ലാഭമുണ്ടാക്കും. ഈ പണം കൊണ്ടാണ് ഇപ്പോൾ വീട് നടത്തിക്കൊണ്ടുപോകുന്നത്’’ – ദീപക് കൂട്ടിച്ചേർത്തു.

 

മധ്യപ്രദേശിലെ ഹാർഡ ജില്ലയിൽനിന്നുള്ളയാളാണ് ദീപക്ക്. 2012ൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് 8,000 രൂപയ്ക്ക് എച്ച്ഇസിയിൽ ഇയാൾ ജോലിക്കു ചേർന്നത്. ‘‘എനിക്ക് സ്കൂളിൽപ്പോകുന്ന രണ്ടു പെൺമക്കളുണ്ട്. ഈ വർഷം ഇതുവരെ സ്കൂൾ ഫീസ് കൊടുക്കാൻ സാധിച്ചിട്ടില്ല. അധ്യാപകർ കുട്ടികളോട് ക്ലാസ് മുറിയിൽത്തന്നെ ഇക്കാര്യം ചോദിച്ചു നാണംകെടുത്തുന്നു. അവർ കരഞ്ഞുകൊണ്ടാണ് വീട്ടിൽവരുന്നത്’’ – അദ്ദേഹം വ്യക്തമാക്കി.

 

English Summary: Chandrayaan 3 Technician Forced to Sell Idlis on Roadside in Ranchi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com