ADVERTISEMENT

തിരുവനന്തപുരം∙ കരിമണൽ വ്യവസാന കമ്പനിയായ സിഎംആർഎലിന്റെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ഡയറിയിലെ ‘പിവി’ താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ചുരുക്കപ്പേര് അതിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പിവി, ഒസി, ആർസി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കപ്പേരിലുള്ള നേതാക്കൾക്ക് പണം നൽകിയതായുള്ള രേഖ പുറത്തുവന്നിരുന്നു. ഇതിലെ ‘പിവി’ മുഖ്യമന്ത്രിയാണോ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. 

‘‘എന്റെ ചുരുക്കപ്പേര് അതിൽ ഉണ്ടാകാനേ സാധ്യതയില്ല. മറ്റു കാര്യങ്ങൾ, നിയമസഭയ്ക്കകത്ത് പറയേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു. അല്ല പിവി ആരെക്കെയാകാം. എത്ര പിവിമാരുണ്ട് ഈ നാട്ടിൽ. അത് ബിജെപി സർക്കാർ ഉദ്യോഗസ്ഥൻമാർ ഊഹിച്ചതിന് ഞാൻ എന്തു പറയാനാണ്. എനിക്ക് പറയാൻ പറ്റൂലല്ലോ. തിരഞ്ഞെടുപ്പ് ഫണ്ട് എവിടെ നിന്ന് വാങ്ങി എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. അവരും പറഞ്ഞിട്ടില്ലല്ലോ, അവരുടെ അടുത്ത് ഞാൻ പോയി വാങ്ങിയെന്ന്’’– മുഖ്യമന്ത്രി പറഞ്ഞു. 

കമ്പനിയുടെ സിഎഫ്ഒ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘ഞാൻ അവിടത്തെ സിഇഒ എന്നു പറയുന്നയാളെ കണ്ടിട്ടില്ല. സിഇഒ ആരാണെന്നുപോലും എനിക്കറിയില്ല’’– മുഖ്യമന്ത്രി പറഞ്ഞു. സിഇഒ അല്ല സിഎഫ്ഒ ആണെന്ന് മാധ്യമപ്രവർത്തകൻ തിരുത്തിയപ്പോള്‍, അതുതന്നെ സിഎഫ്ഒ ആയാലും എനിക്കറിയില്ല, ഞാൻ അയാളെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

‘‘ഈ പറയുന്ന ഏജൻസിയുടെ വാക്കുകൾ വിശ്വസിച്ചുകൊണ്ടാണല്ലോ നിങ്ങൾ ഈ പറയുന്നത്. ആ എജൻസി എന്തിനാണ് ഇത്തരമൊരു കാര്യത്തിൽ എന്റെ സ്ഥാനമെടുത്ത് ഉപയോഗിക്കുന്നത്. പ്രഫഷനൽ ആയ ഏജൻസി ആണെങ്കിൽ, സാധാരണഗതിയിൽ ചെയ്യുന്നത് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയും. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിന് പറയുന്നു. കൃത്യമായ ഉദ്ദേശ്യം അവര്‍ക്കുണ്ട്. ആ ഉദ്ദേശ്യം ആ ആളെ പറയലല്ല, അതിലൂടെ എന്നിലേക്ക് എത്തലാണ്. അതാണ് അവർ ഉദ്ദേശിക്കുന്നത്. ആ രാഷ്ട്രീയം മനസ്സിലാക്കാൻ കഴിയുന്നതല്ലേ’’– അദ്ദേഹം ചോദിച്ചു. 

‘‘പ്രഫഷനലായ ഒരാൾ നടത്തുന്ന കാര്യങ്ങൾ എങ്ങനെയാണ് മറ്റുതരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത്. പണം വാങ്ങിയത് അവർ ആരെങ്കിലും കണ്ടെത്തിയതാണോ?. അവരുടെ കമ്പനിയുടെ കണക്കിലുള്ളതല്ലേ. എന്തെല്ലാം നിയമപ്രകാരമുള്ള ബാധ്യതകളുണ്ടോ അതെല്ലാം നിറവേറ്റിയ കമ്പനിയല്ലേ അത്. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ?. എന്തിനാണ് അങ്ങനെയൊരു കാര്യത്തിലേക്ക് പോകുന്നത്. കൊടുത്ത കമ്പനിയുടെ കണക്കിലുണ്ട്. സ്വീകരിച്ച കമ്പനിയുടെ കണക്കിലുണ്ട്. സ്വീകരിച്ച കമ്പനി അതുമായി കൊടുക്കുന്ന ആദായനികുതി സ്റ്റേറ്റ്മെന്റിൽ വന്നിട്ടുണ്ട്. നിയമപ്രകാരം എന്തെല്ലാം ചെയ്യണമോ അതെല്ലാം ചെയ്തിട്ടുണ്ട്’’– മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ നിയമനടപടിയുണ്ടോ എന്ന ചോദ്യത്തിന് നിയമപരമായി എന്തെങ്കിലും ചെയ്യണമെങ്കിൽ അവർ ആലോചിച്ച്  ചെയ്യട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan on CMRL pay-off scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com