ഇന്ത്യ ചന്ദ്രനിൽ എത്തി; പക്ഷേ പാക്കിസ്ഥാൻ ലോകത്തോട് ഭിക്ഷ യാചിക്കുന്നു: നവാസ് ഷെരീഫ്
Mail This Article
ലാഹോർ∙ ഇന്ത്യ ചന്ദ്രനിൽ എത്തി, ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ തങ്ങളുടെ രാജ്യം ലോകത്തോട് ഭിക്ഷ യാചിക്കുകയാണെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ‘‘ഇന്ത്യ ചന്ദ്രനിൽ എത്തി, ജി 20 ഉച്ചകോടി നടത്തുമ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി രാജ്യങ്ങൾ തോറും ഭിക്ഷ യാചിക്കുന്നു. എന്തുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യ നേടിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ല. ആരാണ് ഇതിന് ഉത്തരവാദി?’’– അദ്ദേഹം ചോദിച്ചു.
നിലവിൽ ലണ്ടനിൽ കഴിയുന്ന നവാസ് ഷെരീഫ് തിങ്കളാഴ്ച വൈകിട്ട് ലാഹോറിൽ നടന്ന പാർട്ടി യോഗത്തെ വിഡിയോ കോൺഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു. ‘‘അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ഒരു ബില്യൻ ഡോളർ മാത്രമായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 600 ബില്യൻ ഡോളറായി ഉയർന്നു. ഇന്ത്യ ഇന്ന് എവിടെ എത്തിനിൽക്കുന്നു. എന്നാൽ, പാക്കിസ്ഥാൻ പണത്തിനുവേണ്ടി ലോകത്തിനു മുന്നിൽ ഭിക്ഷ യാചിക്കുകയാണ്’’– അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ തന്റെ നാല് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ഒക്‌ടോബർ 21ന് രാജ്യത്തേക്ക് മടങ്ങുമെന്നും ഷെരീഫ് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിക്കുമെന്നും ഷെരീഫ് പറഞ്ഞു.
അൽ അസീസിയ മിൽസ് അഴിമതിക്കേസിൽ 7 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുമ്പോൾ 2019 ൽ കോടതിയുടെ അനുമതിയോടെ ചികിത്സയ്ക്ക് ലണ്ടനിലേക്കു പോയ നവാസ് പിന്നീട് നാട്ടിലേക്കു വന്നിട്ടില്ല. പാനമ പേപ്പേഴ്സ് കേസിൽ 2017 ൽ സുപ്രീംകോടതി വിധിയെ തുടർന്ന് പൊതു ഭരണച്ചുമതലകൾ വഹിക്കുന്നതിന് അദ്ദേഹത്തിന് ആജീവനാന്ത വിലക്കുണ്ട്. അടുത്ത മാസം പാക്കിസ്ഥാനിലേക്ക് എത്തുന്നതിന് മുൻപ് അദ്ദേഹത്തിന് ജാമ്യം ഉറപ്പാക്കുമെന്ന് പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (എൻ) പാർട്ടി വ്യക്തമാക്കി.
English Summary: Pakistan Begging Before The World While India Reached Moon: Nawaz Sharif