ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി.ശില്‍പ‌യോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയതെന്ന് സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രഗല്‍ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്.

വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല. ഈ സംഭവത്തിനു ശേഷം പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍ അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോടു തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്.

ചാനല്‍ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

English Summary: The Women's Commission voluntarily filed a case against actor Alencier Ley Lopez

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com