‘ഗുണം ചെയ്യുക സവർണ സ്ത്രീകൾക്ക് മാത്രം’: വനിത സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഉവൈസി
Mail This Article
ന്യൂഡൽഹി∙ വനിത സംവരണ ബില്ലിനെ എതിർത്ത് ഓൾ ഇന്ത്യ മജ്‌ലിസ്–ഇ–ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഉവൈസി. വിഷയത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയിലാണു ബില്ലിനെ എതിർത്ത് ഉവൈസി രംഗത്തെത്തിയത്. സവർണ സ്ത്രീകൾക്കു മാത്രമേ ബില്ലിന്റെ പ്രയോജനം ലഭിക്കുവെന്നായിരുന്നു ഉവൈസിയുടെ നിരീക്ഷണം. പാർലമെന്റിൽ വളരെ കുറവു പ്രാതിനിധ്യം മാത്രമുള്ള ഒബിസി, മുസ്‍ലിം വിഭാഗത്തിൽപ്പെട്ട സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് ഒരു ക്വാട്ടയും നൽകാത്തതെന്നും ഉവൈസി ചോദിച്ചു.
‘‘ജനസംഖ്യയിലെ ഏഴുശതമാനമാണ് മുസ്‍ലിം സ്ത്രീകള്‍. എന്നാൽ 0.7 ശതമാനമാണു ലോക്സഭയിലെ അവരുടെ പ്രാതിനിധ്യം. സവർണ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനാണു മോദി സർക്കാർ ആഗ്രഹിക്കുന്നത്. മുസ്‍ലിം സ്ത്രീകളുടെയും ഒബിസി സ്ത്രീകളുടെയും പ്രാതിനിധ്യം അവർ ആഗ്രഹിക്കുന്നില്ല. 690 സ്ത്രീ എംപിമാർ ലോക്സഭയിലേക്ക് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിൽ 25 പേരാണു മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവർ. മുസ്‍ലിം സ്ത്രീകൾ ഇരട്ട വിവേചനം നേരിടുകയാണ്. മുസ്‍ലിം സ്ത്രീകൾക്കു ക്വാട്ട നൽകാതെ നിങ്ങൾ അവരെ കബളിപ്പിക്കുകയാണ്. ഒബിസി സ്ത്രീകൾക്കു ലഭിക്കേണ്ട ന്യായമായ പങ്ക് ഈ ബില്ല് ഇല്ലാതാക്കും. മുസ്‍ലിം പ്രാതിനിധ്യത്തിന് എതിരെ വാതിലടയ്ക്കലാണ് ഈ ബിൽ’’– ഉവൈസി വിശദീകരിച്ചു.
English Summary: Asaduddin Owaisi speak against women's reservation bill