ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ, ഖലിസ്ഥാൻ ഭീകരവേട്ട ശക്തമാക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഖ്ബീർ സിങ് ലാൻഡ, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഹർവീന്ദർ സിങ് റിൻഡ എന്നിവരുൾപ്പെടെ അഞ്ച് ബബ്ബർ ഖൽസ ഇന്റർനാഷനൽ (ബികെഐ) എന്ന നിരോധിത ഖലിസ്ഥാൻ സംഘടനയിലെ ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. ലാൻഡയെയും റിൻഡയെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതവും, മറ്റു ബികെഐ ഭീകരരായ പർമീന്ദർ സിങ് കൈര എന്ന പട്ടു, സത്‌നാം സിങ് എന്ന സത്ബീർ സിങ്, യദ്വീന്ദർ സിങ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചു. 

ഇന്ത്യയുടെ സമാധാനവും സാമുദായിക സൗഹാർദവും തകർക്കാനും പഞ്ചാബിൽ ഭീകരത പടർത്താനും ലക്ഷ്യമിട്ടുള്ള ബികെഐയുടെ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം റജിസ്റ്റർ ചെയ്ത കേസിലാണ് ഈ അഞ്ച് ഭീകരരെ തിരയുന്നതെന്ന് എൻഐഎ അറിയിച്ചു. ഇവരെ സംബന്ധിച്ച വിവരം ഡൽഹിയിലെ എൻഐഎ ആസ്ഥാനവുമായോ ചണ്ഡീഗഡിലെ എൻഐഎ ബ്രാഞ്ച് ഓഫിസുമായോ പങ്കിടാം. ഇതിനായി ടെലിഫോൺ, വാട്സാപ് നമ്പറുകളും നൽകിയിട്ടുണ്ട്.

ഖലിസ്ഥാൻ ഭീകരസംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന 43 പേരുടെ വിവരങ്ങൾ ബുധനാഴ്ച പുറത്തുവിട്ടിരുന്നു. ലോറൻസ് ബിഷ്ണോയി, ജസ്ദീപ് സിങ്, കല ജതേരി, വിരേന്ദർ പ്രതാപ്, ജോഗീന്ദർ സിങ് എന്നിവരുൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. ഇവരുടെ സ്വത്തുക്കളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറണമെന്ന് ജനങ്ങളോട് എൻഐഎ ആവശ്യപ്പെട്ടു. ഇവർ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങൾ, വ്യവസായം, മറ്റ് ആസ്തികൾ, സുഹൃത്തുക്കളും ബന്ധുക്കളും വഴി നിയന്ത്രിക്കുന്ന വ്യവസായങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനാണ് നിർദേശം. ഈ വിവരങ്ങൾ കൈമാറാനുള്ള വാട്സാപ് നമ്പറും നൽകിയിട്ടുണ്ട്.

bishnoi
എൻഐഎ പുറത്തുവിട്ട, കാനഡയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരരുടെ ചിത്രം (X/NIA_India)

കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങൾ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരൻമാരും അവിടേക്കു യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

English Summary: NIA announces reward on Canada based Khalistani terrorist Lakhbir Landa, 4 others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com