ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലയുന്നതിനിടെ, കാനഡയിലുള്ള പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐയുടെ ഏജന്റുമാരും ഖലിസ്ഥാൻ ഭീകരസംഘടനകളുടെ തലവന്മാരും കാനഡയിലെ വാൻകൂവറിൽ വച്ച് അടുത്തിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

അഞ്ചു ദിവസം മുൻപു നടന്ന കൂടിക്കാഴ്ചയിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തലവൻ ഗുർപത്വന്ത് സിങ് പന്നൂനും മറ്റു ഖലിസ്ഥാൻ സംഘടനാ മേധാവികളും പങ്കെടുത്തതായി രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇന്ത്യാവിരുദ്ധ പ്രചാരണം പരമാവധി പ്രചരിപ്പിക്കാൻ പദ്ധതിയിട്ടെന്നാണ് റിപ്പോർട്ട്.

‘പ്ലാൻ-കെ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് ഐഎസ്‌ഐ വൻതോതിൽ ധനസഹായം നൽകുന്നുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധം സംഘടിപ്പിക്കാനും ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി പോസ്റ്ററുകളും ബാനറുകളും നിർമിക്കാനും ഈ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ജൂണിൽ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.

English Summary: Amid India-Canada row, Pak spy agents secretly meet Khalistani groups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com