ADVERTISEMENT

സ്വന്തം കർഷകരെ രക്ഷിക്കാനെന്ന പേരിൽ പോളണ്ട് നടത്തുന്ന നീക്കം റഷ്യ – യുക്രെയ്ൻ യുദ്ധത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ ലോകം. യുക്രെയ്നിൽനിന്നുള്ള ധാന്യങ്ങളുടെ ഇറക്കുമതി വിലക്കി പോളണ്ടും ഹംഗറിയും സ്ലോവാക്യയും തീരുമാനമെടുത്തതിനെ ലോക വ്യാപാര സംഘടനയിൽ (വേൾഡ് ട്രേഡ് ഓർഗനൈസേഷൻ – ഡബ്ല്യുടിഒ) പരാതിപ്പെട്ടാണ് യുക്രെയ്ൻ നേരിട്ടത്. എന്നാൽ യുക്രെയ്ന്റെ ഈ നീക്കത്തോട് പോളണ്ട് പ്രതികരിച്ചത് ഇനി ആ രാജ്യത്തേക്ക് ആയുധങ്ങൾ അയയ്ക്കില്ലെന്നു പറഞ്ഞും. പോളണ്ട് ചെയ്ത സേവനങ്ങൾ എന്നും ഞങ്ങൾ ഓർമിക്കുമെന്നും സൗഹൃദം എല്ലാക്കാലത്തേക്കും ഉണ്ടാകുമെന്നും പറഞ്ഞ് പോളണ്ടിനെ സഹോദരിയെന്നു വിശേഷിപ്പിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, ഇപ്പോൾ ആരോപിക്കുന്നത് പോളണ്ട് നാടകം കളിക്കുകയാണെന്നാണ്. അഭയാർഥികളെ സ്വീകരിക്കാൻ തയാറാണെന്നും യുക്രെയ്നെ ഇനിയും സഹായിക്കണമെന്നും ആഗ്രഹിക്കുന്ന പോളണ്ടുകാരുടെ എണ്ണത്തിൽ വലിയ കുറവൊന്നും വന്നിട്ടില്ലെന്ന് അടുത്തിടെ നടത്തിയ അഭിപ്രായ സർവേകളിലും വ്യക്തമായിരുന്നു. എന്നിട്ടും പോളണ്ട് യുക്രെയ്നോട് എന്തിനിത് ചെയ്യുന്നു? 2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ – യുക്രെയ്ൻ യുദ്ധം ഒരു വർഷവും ഏഴുമാസവുമാകുമ്പോൾ പോളണ്ട് സ്വീകരിച്ച നിലപാട് യുദ്ധത്തിന്റെ ഗതിയെത്തന്നെ മാറ്റിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പോളണ്ട് പ്രധാനമന്ത്രി മത്തേവൂഷ് മൊറാവിയെസ്കി. (Photo by Jaap Arriens/Xinhua)
പോളണ്ട് പ്രധാനമന്ത്രി മത്തേവൂഷ് മൊറാവിയെസ്കി. (Photo by Jaap Arriens/Xinhua)

∙ ആയുധങ്ങളെത്തുന്നത് പോളണ്ട് വഴി

റഷ്യ യുക്രെയ്നെ ആക്രമിച്ചപ്പോൾ ആദ്യം ആയുധങ്ങൾ നൽകി സഹായിച്ചത് പോളണ്ടാണ്. ഇപ്പോഴും മറ്റു രാജ്യങ്ങളുടെ ആയുധങ്ങൾ യുക്രെയ്നിലേക്ക് എത്തുന്നതും പോളണ്ട് വഴിയാണ്. ഈ സാഹചര്യത്തിലാണ് യുക്രെയ്ന് ഇനി ആയുധങ്ങൾ കൈമാറില്ലെന്ന പോളണ്ട് പ്രധാനമന്ത്രി മത്തേവൂഷ് മൊറാവിയെസ്കിയുടെ അഭിമുഖം ബുധനാഴ്ച വൈകി പുറത്തുവരുന്നത്. ഒക്ടോബർ 15ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ഭരണകക്ഷി വലിയൊരു പ്രതിസന്ധിയാണു നേരിടുന്നത്. യുക്രെയ്ന് ആയുധങ്ങൾ കൈമാറുകയും അവിടെനിന്നുള്ള അഭയാർഥികൾക്ക് അഭയം കൊടുക്കുകയും ചെയ്തിട്ടും അതിനുള്ള നന്ദി ആ രാജ്യം കാട്ടുന്നില്ലെന്നാണ് അവരുടെ വികാരം. പോളണ്ടിന്റെ ആയുധങ്ങൾ നവീകരിക്കുകയും മറ്റുമാണ് ഇനി ലക്ഷ്യമിടുന്നതെന്നും മൊറാവിയെസ്കി കൂട്ടിച്ചേർത്തു. മേഖലയിലെ റഷ്യൻ അധിനിവേശത്തിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം പക്ഷേ, കൂടുതൽ വിശദീകരണത്തിനു മുതിർന്നില്ല.

നേരത്തേ ധാരണയായിരിക്കുന്ന ആയുധ ഇടപാടും മറ്റുമായിരിക്കും ഇനി നടത്തുകയെന്നും അല്ലാത്ത ആയുധങ്ങൾ നൽകില്ലെന്നും സർക്കാരിന്റെ വക്താവ് അറിയിക്കുകയും ചെയ്തു. യുക്രെയ്ന്റെ ഭാഗത്തുനിന്നു തീർത്തും അസ്വീകാര്യമായ പ്രസ്താവനകളും നയതന്ത്ര ഇടപെടലുകളും ഉണ്ടായെന്നു വക്താവ് വ്യക്തമാക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പങ്കെടുക്കാനെത്തിയപ്പോഴും ഇരുരാജ്യങ്ങളും തമ്മിൽ ഉരസിയിരുന്നു. പോളിഷ് പ്രസിഡന്റ് ആൻഡ്രേ ഡൂഡ യുക്രെയ്നെ വിശേഷിപ്പിച്ചത് മുങ്ങാൻ പോകുന്ന വ്യക്തി കിട്ടുന്ന എന്തിനെയും അള്ളിപ്പിടിക്കും എന്നാണ്.

ലെപ്പേർഡ് 2 ടാങ്കും സോവിയറ്റ് കാല മിഗ് യുദ്ധവിമാനവുമടക്കം യുക്രെയ്ന് വിവിധ തരം ആയുധങ്ങൾ പോളണ്ട് നൽകിയിരുന്നു. യുദ്ധത്തിന്റെ ആരംഭകാലത്ത് യുക്രെയ്ന് പോളണ്ട് സൈനിക സഹായം നൽകിയിരുന്നു. എന്നാൽ മറ്റു രാജ്യങ്ങളുടെ സഹായം പോളണ്ട് വഴി യുക്രെയ്നിലേക്ക് എത്തുന്നത് തടയില്ലെന്ന വിലയിരുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. റഷ്യ യുക്രെയ്ൻ കീഴടക്കിയാൽ തൊട്ടയലത്ത് ആ ഭീഷണി വർധിക്കുമെന്ന പേടിയിൽ യുക്രെയ്നെ ഇപ്പോഴും പോളണ്ടുകാർ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ അഭയാർഥികളുടെ എണ്ണം വർധിക്കുന്നത് പോളിഷ് ജനതയെയും ബാധിക്കുന്നു. മാത്രമല്ല, ഇത്രയധികം ആയുധങ്ങളും മറ്റുമെത്തിച്ചിട്ടും റഷ്യയ്ക്കെതിരെ ചെറിയതോതിലുള്ള നേട്ടം മാത്രമേ യുക്രെയ്ന് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ. കൂടാതെ, ദീർഘദൂര മിസൈലുകൾ ഉൾപ്പെടെ കൂടുതൽ അത്യന്താധുനിക ആയുധങ്ങൾ കീവിലെ നേതാക്കൾ ആവശ്യപ്പെടുകയും ചെയ്യുന്നു. യുക്രെയ്ന് ആയുധങ്ങൾ നൽകിയതോടെ പോളണ്ടിന്റെ ആയുധശേഖരം കുറഞ്ഞുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നുമുണ്ട്.

യുക്രെയ്നിൽനിന്നുള്ള ധാന്യങ്ങൾ വഹിച്ചെത്തുന്ന കപ്പലുകൾ തുർക്കിയിലെ ഇസ്താംബൂളിലെ ബോസ്ഫറസ് കടലിടുക്കിലെത്തിയപ്പോൾ. 2022 ഓഗസ്റ്റ് 6ലെ ചിത്രം. (Xinhua/Shadati/IANS)
യുക്രെയ്നിൽനിന്നുള്ള ധാന്യങ്ങൾ വഹിച്ചെത്തുന്ന കപ്പലുകൾ തുർക്കിയിലെ ഇസ്താംബൂളിലെ ബോസ്ഫറസ് കടലിടുക്കിലെത്തിയപ്പോൾ. 2022 ഓഗസ്റ്റ് 6ലെ ചിത്രം. (Xinhua/Shadati/IANS)

∙ യുക്രെയ്ൻ ധാന്യങ്ങൾക്ക് പോളണ്ടിൽ വിലക്ക്

കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതിക്ക് സംരക്ഷണം നൽകുമെന്ന കരാറിൽനിന്ന് റഷ്യ പിന്മാറിയതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. ഇതോടെ കരമാർഗം യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെത്തിച്ച് യുക്രെയ്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യേണ്ടിവന്നു. മേയ് മാസത്തിൽ ബൾഗേറിയ, ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ധാന്യ ഇറക്കുമതി യൂറോപ്യൻ യൂണിയൻ വിലക്കി. ഈ രാജ്യങ്ങളിലേക്കു ധാന്യങ്ങൾ എത്തുന്നത് തദ്ദേശീയരായ കർഷകരെ ബാധിക്കുമെന്നും താഴേക്കിടയിലെ വിപണിയിൽ ധാന്യവില താഴോട്ടുപോകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണു വിലക്കിനെ യൂറോപ്യൻ യൂണിയൻ ന്യായീകരിച്ചത്. എന്നാൽ ഈ രാജ്യങ്ങൾ വഴി മറ്റിടങ്ങളിലേക്ക് ധാന്യങ്ങൾ കരമാർഗം കൊണ്ടുപോകാൻ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ഈ ഇറക്കുമതി നിരോധനം അവസാനിപ്പിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ‘വിപണിയിലെ ക്രമരാഹിത്യം’ അപ്രത്യക്ഷമായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഉടനടി പോളണ്ടും ഹംഗറിയും സ്ലോവാക്യയും ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തി. യൂറോപ്യൻ യൂണിയന്റെ ‘ഏക വിപണി’യെന്ന നിയമത്തിന് എതിരാണ് പോളണ്ടിന്റെയും മറ്റു രാജ്യങ്ങളുടെയും തീരുമാനം. ഈ നീക്കത്തെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ബുധനാഴ്ച യുഎൻ പൊതുസഭയിലെ പ്രസംഗത്തിൽ വിമർശിച്ചു. പോളണ്ടിൽനിന്നുള്ള കാർഷിക ഇറക്കുമതി വിലക്കുമെന്ന ഭീഷണിയും യുക്രെയ്ൻ നടത്തി. റഷ്യയുടെ താൽപര്യത്തിന് അനുസരിച്ചാണ് ഈ രാജ്യങ്ങൾ പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ നാടകത്തിൽ ഞങ്ങൾക്ക് അനുകൂലമായി യൂറോപ്പ് കളിക്കുകയും എന്നാൽ ധാന്യങ്ങളിൽനിന്ന് നേട്ടം ഉണ്ടാക്കുകയുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ, ‌യുക്രെയ്ൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച പോളണ്ട്, പ്രതികാര നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.

സംഘർഷം നിയന്ത്രണാതീതമാകാൻ യുക്രെയ്ൻ അനുവദിച്ചാൽ പോളണ്ടിലേക്ക് ഇറക്കുമതി ചെയ്യുന്ന മറ്റു സാധനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുമെന്നും മൊറാവിയെസ്കി വ്യക്തമാക്കി. പോളണ്ടിന്റെ കാർഷിക വ്യവസായം എത്രത്തോളം ശിഥിലീകരിക്കപ്പെട്ടിട്ടുണ്ടെന്ന് യുക്രെയ്ന് മനസ്സിലാകില്ലെന്നും പോളിഷ് കർഷകരെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിനു മറുപടിയായി ഡബ്ല്യുടിഒയ്ക്കു പരാതി നൽകുകയാണ് യുക്രെയ്ൻ ചെയ്തത്. വൈകാരികത മാറ്റിവച്ച് സംസാരിക്കണമെന്നും ധാന്യവിഷയം പരിഹരിക്കാൻ യുക്രെയ്ൻ അവസരം നൽകുന്നുവെന്നുമായിരുന്നു യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

യുക്രെയ്നിൽനിന്ന് രക്ഷപ്പെട്ട് പോളണ്ടിലെത്തിയ കുടുംബം. 2022 ഫെബ്രുവരി 26ലെ ചിത്രം. (Xinhua/Meng Dingbo/IANS)
യുക്രെയ്നിൽനിന്ന് രക്ഷപ്പെട്ട് പോളണ്ടിലെത്തിയ കുടുംബം. 2022 ഫെബ്രുവരി 26ലെ ചിത്രം. (Xinhua/Meng Dingbo/IANS)

∙ തിരഞ്ഞെടുപ്പ് തന്ത്രമോ?

യുദ്ധം നീണ്ടുപോകുന്നത് ലോകത്തെയാകമാനം ബാധിച്ചിരിക്കുന്നതുപോലെ പോളണ്ടിനെയും ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പ്രശ്നങ്ങളെല്ലാം ഭരണകക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. യുക്രെയ്ന് നൽകിവരുന്ന സഹായം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിനു പിന്തുണയേറുന്നത് ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. യുക്രെയ്നിൽനിന്നുള്ള ധാന്യങ്ങൾക്ക് ഇറക്കുമതി അനുവദിച്ചാൽ അതു രാജ്യത്തുനിന്നുള്ള ധാന്യ കയറ്റുമതിയെ ബാധിക്കുമെന്നും കർഷകരുടെ പിന്തുണയുള്ള പാർട്ടിയായ ലോ ആൻഡ് ജസ്റ്റിസിന് പ്രശ്നമാണ്. യുക്രെയ്ന്റെ പ്രതിസന്ധി ഘട്ടത്തിൽ ആദ്യം പിന്തുണച്ചത് പോളണ്ടാണെന്നും ഞങ്ങളുടെ താൽപര്യങ്ങൾ അവർ മനസ്സിലാക്കണമെന്നു പ്രതീക്ഷിക്കുന്നുവെന്നും മൊറാവിയെസ്കി പറയുന്നു. അവരുടെ പ്രശ്നങ്ങളെ അംഗീകരിക്കുന്നതിനൊപ്പം ഞങ്ങളുടെ കർഷകരുടെ താൽപര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പിലെ നേട്ടത്തിനായി യുക്രെയ്നെ പിന്നിൽനിന്നു കുത്തുകയാണ് ലോ ആൻഡ് ജസ്റ്റിസ് പാർട്ടി ചെയ്യുന്നത് എന്നാണ് പോളണ്ടിലെ പ്രതിപക്ഷ നേതാവും യൂറോപ്യൻ യൂണിയൻ മുൻ പ്രസിഡന്റുമായ ഡോണൾഡ് ടസ്കിന്റെ നിലപാട്. എന്നാൽ, പ്രതിപക്ഷമായ കോൺഫെഡറേഷൻ പാർട്ടിയെ പിന്തുണയ്ക്കുന്നവർക്ക് യുക്രെയ്നെ ഇത്രയധികം സഹായിക്കണോയെന്ന കാര്യത്തിൽ സംശയമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പോളിഷ് സർക്കാരിനെ സ്വാധീനിച്ച് എല്ലാ നേട്ടങ്ങളും കൈപ്പറ്റിയശേഷം വ്യാപാരയുദ്ധം നടത്തുകയാണ് യുക്രെയ്ൻ എന്ന് കോൺഫെഡറേഷൻ പാർട്ടി നേതാവ് സ്ലവൊമിർ മെൻസൻ പറയുന്നു. കർഷകരെ കൈവിട്ടാൽ ആ വോട്ടുകൾക്കൂടി പ്രതിപക്ഷത്തിനുപോകുമോയെന്ന പേടിയാണ് ഭരണപക്ഷത്തെക്കൊണ്ട് ഈ നിലപാട് എടുപ്പിച്ചതെന്നാണ് വിലയിരുത്തൽ. കാര്യങ്ങൾ കൈവിട്ടുപോയതോടെ, ന്യൂയോർക്കിൽ വച്ച് സെലൻസ്കിയും ഡുഡയും തമ്മിൽ നടത്തേണ്ടിയിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.

കീവിൽ റഷ്യയുടെ ആക്രമണത്തിനുശേഷം. 2022 ഫെബ്രുവരി 24ലെ ചിത്രം. (Photo:IANS/Twitter)
കീവിൽ റഷ്യയുടെ ആക്രമണത്തിനുശേഷം. 2022 ഫെബ്രുവരി 24ലെ ചിത്രം. (Photo:IANS/Twitter)

English Summary: Poland's Weapons Stance: A Game-Changer in the Russia-Ukraine Conflict?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com