കെ.എം.ഷാജിക്ക് എതിരെ കേസെടുത്ത വനിതാ കമ്മിഷൻ സ്ത്രീകളെ അപമാനിച്ചു: കെ.പി.എ.മജീദ്
Mail This Article
കോഴിക്കോട്∙ ആരോഗ്യമന്ത്രി എന്ന നിലയിൽ വീണാ ജോർജിനെ വിമർശിച്ച കെ.എം.ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മിഷൻ സ്ത്രീകളെ അപമാനിച്ചതായി മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് എം.എൽ.എ. പൊതു ഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചു പിടിക്കാനും രക്ഷപ്പെടാനുമുള്ള പുകമറയല്ല സ്ത്രീത്വമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ ആരോഗ്യമന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്നു പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ ആവുകയെന്ന് അദ്ദേഹം ചോദിച്ചു. മുൻ ആരോഗ്യമന്ത്രിയും ഒരു സ്ത്രീ ആയിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗം നേരിട്ടു കേട്ട വ്യക്തിയാണ് താനെന്നും മജീദ് വ്യക്തമാക്കി.
‘സ്വമേധയാ ഇങ്ങനെ കള്ളക്കേസെടുത്തവരെ സ്ത്രീയുടെ പരിശുദ്ധി ഓർമിപ്പിക്കേണ്ടി വരുന്നത് ലജ്ജാവഹമാണ്. വഹിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും വിമർശനത്തിനു മറുപടി നൽകാനും ത്രാണിയുള്ളവരാണ് സ്ത്രീകൾ. ശാരീരിക പീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മിഷൻ, മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും.’ – മജീദ് പറഞ്ഞു.
‘വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെൺമക്കളെ വേട്ടയാടിയതു വരെ കമ്മിഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങളുണ്ട്. സിപിഎം കളിപ്പാവയായി അധഃപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കാൻ സുഗതകുമാരിയെ പോലുള്ളവർ നയിച്ച വനിതാ കമ്മിഷൻ തയാറാവണം. ഇത്തരം കള്ളക്കേസുകളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോൽപിക്കും. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നത് ഓർത്താൽ നന്ന്’– മജീദ് പറഞ്ഞു.
English Summary: KPA Majeed against Kerala Women's Commission for registering case against KM Shaji