ADVERTISEMENT

കാസർകോട് ∙ കേരളത്തിന് കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രാജ്യം ഭരിക്കുന്നവർ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കുമെന്നും എന്നാൽ ഇത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് അഹങ്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ കാസർകോട്ട് ഫ്ലാഗ്​ഓഫ് ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി വി.മുരളീധരനെ വേദിയിൽ ഇരുത്തിയായിരുന്നു ഉണ്ണിത്താന്റെ വിമർശനം.

‘‘29 സംസ്ഥാനങ്ങളുള്ള ഇന്ത്യയിൽ, 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമ്പോൾ 10 ട്രെയിനുകളെങ്കിലും കേരളത്തിന് അനുവദിച്ചു തരാനുള്ള സന്മനസ്സ് കേന്ദ്രസർക്കാർ കാണിക്കണമെന്ന് ഞാൻ‌ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് കാലാകാലങ്ങളിൽ രാജ്യം ഭരിക്കുന്നവർ, ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുമ്പോൾ നമ്മളവരെ പിന്തുണയ്ക്കും. എന്നാൽ ഇത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് ആരും അഹങ്കരിക്കരുത്. നമ്മുടെ രാജ്യം ഭരിക്കുന്നവർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അംഗീകരിക്കും, അവരെ അനുമോദിക്കും’’ - രാജ്മോഹൻ ഉണ്ണിത്താന്‍ പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താന് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേരളത്തിന് അർഹമായതെല്ലാം കേന്ദ്രം നൽകുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അദ്ദേഹം നാനൂറിൽ പത്തേ ചോദിച്ചിട്ടുള്ളൂവെന്നും നരേന്ദ്ര മോദി സർക്കാരിൽനിന്ന് കേരളത്തിന് അർഹമായതെല്ലാം കിട്ടുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

വേഗം കൂടിയ ട്രെയിനുകളാണ് കേരളത്തിന് ആവശ്യമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. അത്തരം ട്രെയിനുകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് വന്ദേഭാരതിന്റെ വിജയമെന്നും ഇതുകൊണ്ടാണ് കേരളം കെ–റെയില്‍ പോലുള്ള പദ്ധതികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

English Summary: MP Rajmohan Unnithan demands more Vande Bharat trains for Kerala; V Muraleedharan says the centre will give everything state deserves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com