സഹകരണ മേഖലയുടെ മുഖത്തൊന്നും ഉണ്ടായിട്ടില്ല: സ്പീക്കറുടെ പരാമർശം തള്ളി എം.വി.ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണെന്ന സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്തപാടും ഉണ്ടായിട്ടില്ലെന്ന്, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഷംസീറിന്റെ പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും, ‘ശരി.. ശരി’ എന്ന മറുപടിയോടെ അദ്ദേഹം വാഹനത്തിൽ കയറിപ്പോയി. അതേസമയം, കരുവന്നൂരിൽ ചില തെറ്റായ പ്രവണതകളുണ്ടായിട്ടെന്ന് അദ്ദേഹം സമ്മതിച്ചു. അതെല്ലാം പരിഹരിച്ചുവെന്നും പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ വിഷയത്തിൽ പാർട്ടിക്ക് ജാഗ്രതക്കുറവൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, അവിടെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റായ പ്രവണതയാണ്. ആ തെറ്റായ പ്രവണതകളെ മാറ്റി ശരിയായ ദിശയിലേക്ക് കാര്യങ്ങളെ നയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അത് എവിടെയായാലും അതേ നിലപാടു തന്നെയാണ്. ഈ നിലപാടിൽനിന്ന് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. അത്രേയുള്ളൂ.’ – ഗോവിന്ദൻ പറഞ്ഞു.
അവിടെയുണ്ടായ ശരിയല്ലാത്ത നിലപാടിനെ ശരി എന്നു പറയണോയെന്നും, ഒരു ചോദ്യത്തിന് ഉത്തരമായി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയുടെ മുഖത്തൊന്നും ഉണ്ടായിട്ടില്ല. സഹകരണ മേഖലയുടെ മുഖത്ത് എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ നിങ്ങളേപ്പോലുള്ള ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടുവം സർവീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിൽ നടപ്പാക്കുന്ന നൂതന പദ്ധതികളും സ്നേഹ സ്പർശം ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്യുമ്പോഴാണ്, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ എന്ന് സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടത്. അടിക്കാനുള്ള വടി നമ്മൾ തന്നെ ചെത്തിക്കൊടക്കരുതെന്നും അദ്ദേഹം പറഞ്ഞു.
English Summary: M V Govindan's Reaction On A N Shamseer's Statement About Karuvannur Bank Fraud