‘ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ എടുത്തു കളഞ്ഞാൽ പോരേ?’: കരുവന്നൂരിൽ മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ സഹകരണ മേഖലയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണോ ഇതെന്നു സംശയിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന പരിശോധനയെക്കുറിച്ച് വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ സംഘടിപ്പിക്കുന്ന നിയോജക മണ്ഡല സദസ്സുകളിലും കേരളീയം പരിപാടിയിലും പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നിലപാട് നിർഭാഗ്യകരമാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിനെതിരായ പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ വിമർശനങ്ങൾക്ക് കാരണമായ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. അതിനുശേഷം കാര്യമായ ഇടവേളയില്ലാതെയാണ് അദ്ദേഹം വീണ്ടും വാർത്താസമ്മേളനം നടത്തിയത്.
∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്
സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങൾ പരിഷ്കരിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കിനെ തകർച്ചയിൽനിന്ന് കരകയറ്റാനാണ് സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. കരുവന്നൂർ കേസിൽ 26 പ്രതികളാണുള്ളത്. 18 എഫ്ഐആറുകളും റജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഒരു വലിയ പാത്രത്തിൽ ചോറുണ്ട്. അതിൽ ഒരു കറുത്ത വറ്റുണ്ട് എന്ന് വിചാരിക്കുക. ആ കറുത്ത വറ്റെടുത്തിട്ട് ഇത് മോശം ചോറാണെന്ന് പറയാനാകുമോ? കഴിക്കാത്തവർ ആ കറുത്ത വറ്റെടുത്ത് കളയുക. നമ്മുടെ കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവനകൾ നാടിനു ചെയ്യുന്നവരാണ്. അതിനകത്ത് സാധാരണ ഗതിയിൽനിന്ന് വഴിവിട്ടു സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണം. അതിൽ അഭിപ്രായ വ്യത്യാസമില്ല.’ – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ 16,255 സഹകരണ സംഘങ്ങളുണ്ട്. 98.5 ശതമാനം സഹകരണ സംഘങ്ങളും കുറ്റമറ്റ രീതിയിൽ നടക്കുന്നു. മറ്റുള്ളതിലാണ് ക്രമക്കേട്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. സഹകരണ മേഖല ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കേരളത്തിലെ സഹകരണ മേഖല ചിലരുടെ മനസ്സമാധാനം കെടുത്തുന്നുണ്ട്. സഹകരണ മേഖലയെ തകർക്കാൻ കുറച്ചു നാളായി ശ്രമം നടക്കുന്നു. നോട്ട് നിരോധന കാലത്തും ശ്രമം നടത്തി. എന്നാൽ, സഹകാരികൾ ഒറ്റകെട്ടായി നിലനിന്നു.
പ്രത്യേക ലക്ഷ്യത്തോടെ സഹകരണ മേഖലയെ തകർക്കാൻ ആക്രമണം നടത്തുന്നു. അതിന്റെ ഭാഗമായാണ് സഹകരണ മേഖല ആകെ കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്ക് എന്നു തിരിച്ചറിഞ്ഞാണ് ഇഡി അന്വേഷണം. കരുവന്നൂർ തട്ടിപ്പ് ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. കേന്ദ്ര ഏജൻസിയല്ല സംസ്ഥാന ഏജൻസികളും സഹകരണ വകുപ്പുമാണ് ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാത്ത കേന്ദ്ര ഏജൻസികൾ ഇവിടെ ഉത്സാഹം കാണിക്കുന്നു. അത് വേഗം ജനങ്ങൾ മനസ്സിലാക്കും.
ക്രൈംബ്രാഞ്ചും പൊലീസും കരുവന്നൂർ ബാങ്ക് വിഷയം ക്രിയാത്മകമായി അന്വേഷിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഘട്ടത്തിലാണ് പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി എത്തുന്നത്. ഇഡിയുടെ ഉദ്ദേശ്യം വിജയിക്കാൻ പോകുന്നില്ല. അവർ പല ഉദ്ദേശ്യത്തോടെ ഇടപെടുന്നു. അതൊന്നും സഫലമാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
∙ ‘പ്രതിപക്ഷ ബഹിഷ്കരണം തെറ്റ്’
സർക്കാർ സംഘടിപ്പിക്കുന്ന നിയോജക മണ്ഡല സദസ്സുകളിലും കേരളീയം പരിപാടിയിലും പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നിലപാട് നിർഭാഗ്യകരമാണ്. പ്രതിക്ഷവും ഭരണപക്ഷവും എന്നു വേറിട്ടു കാണേണ്ട പരിപാടികളല്ല ഇവയൊന്നും. സങ്കുചിതമായ നിലപാടാണ് പ്രതിപക്ഷത്തിന്റേത്. നമ്മുടെ നാട്ടിൽ എന്തൊക്കെ കാര്യങ്ങൾ നടന്നു, ഇനി നടത്തേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നറിയാനാണ് ജനങ്ങളുടെ മുന്നിലേക്ക് മന്ത്രിമാർ ചെല്ലുന്നത്. അത്തരം പരിപാടിയെ എന്തിനാണ് ബഹിഷ്കരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
41 പ്രതിപക്ഷ മണ്ഡലങ്ങളുണ്ട്. ആ മണ്ഡലങ്ങളിൽ സദസ്സിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ എംഎൽഎമാർക്കാണ്. ഇക്കാര്യത്തിലൊന്നും സർക്കാരിനു വിഭാഗീയ ചിന്തയില്ല. എല്ലാവരെയും സഹകരിപ്പിക്കുന്ന നിലപാടാണ് സർക്കാരിന്. നാടിന്റെ മുന്നോട്ടുപോക്കിനു സഹായിക്കുന്ന പരിപാടികളായിരിക്കും ഇതെല്ലാം. ഇനിയെങ്കിലും തിരുത്താൻ കഴിയുമെങ്കിൽ പ്രതിപക്ഷം തിരുത്തണം. മണ്ഡലം സദസ്സുകൾ സർക്കാർ പരിപാടിയാണ്. അതിൽ സ്പോണ്‍സർഷിപ്പ് വന്നാൽ സ്വീകരിക്കും. ജനങ്ങളിലേക്ക് കാര്യങ്ങളെത്തിക്കാനാണ് മണ്ഡലം സദസ്സിലൂടെ ശ്രമിക്കുന്നത്. ജനങ്ങൾക്ക് വികസന കാര്യങ്ങളിൽ അഭിപ്രായം പറയാനുണ്ടാകും. അത് സർക്കാരിനു കൂടുതൽ ഊർജം പകരും. മണ്ഡലം സദസ്സിനായി സഞ്ചരിക്കുന്നത് കെഎസ്ആർടിസി ബസിലാണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
∙ ‘കൈക്കൂലിക്കേസ് പൊലീസ് അന്വേഷിക്കട്ടെ’
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മലപ്പുറം സ്വദേശി ഖാസിതാണ് മന്ത്രിയുടെ ഓഫിസിൽ ആദ്യം പരാതി പറഞ്ഞത്. പത്തനംതിട്ടയിലെ അഖിൽ സജീവ് പണം വാങ്ങി എന്നാണ് പറഞ്ഞത്. പരാതി എഴുതി നൽകാൻ മന്ത്രിയുടെ ഓഫിസ് നിർദേശിച്ചു. തുടർന്ന്, മലപ്പുറം സ്വദേശിയായ ഹരിദാസൻ പരാതി നൽകി. പരാതിയിൽ അഖിൽ സജീവ് എന്നയാൾ വഴി മന്ത്രിയുടെ സ്റ്റാഫായ അഖിൽ മാത്യുവിനു പണം നൽകി എന്നാണുള്ളത്.
അഖിൽ മാത്യുവിനോട് മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. ആരോപണം തെറ്റാണെന്ന് അഖിൽ മാത്യു വിശദീകരണം നൽകി. തെറ്റുകാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചത് അനുസരിച്ച് പ്രൈവറ്റ് സെക്രട്ടറി ഡിജിപിക്ക് പരാതി നൽകി. അഖിൽ മാത്യുവും കന്റോൺമെന്റ് പൊലീസിനു പരാതി നൽകി. നിപ്പയുമായി ബന്ധപ്പെട്ട് മന്ത്രി കോഴിക്കോടായിരുന്ന സമയത്താണ് മന്ത്രിക്കു പരാതി ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
∙ ‘സർക്കാർ നേട്ടം ജനങ്ങളിലെത്തിക്കും’
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മേഖലാ യോഗങ്ങൾ നടത്തും. ഒക്ടോബർ 3ന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങൾ നടത്തും. പദ്ധതികളുടെ അവലോകനമാകും ഈ യോഗങ്ങളുടെ മുഖ്യ അജൻഡ. അതിദാരിദ്ര്യ നിർമാർജനം, ദേശീയപാത ഉൾപ്പെടെയുള്ള പദ്ധതികൾ ചർച്ച ചെയ്യും. പുരോഗതി ഇല്ലാത്ത പദ്ധതികൾ പ്രത്യേകം പരിഗണിക്കും. ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികൾക്ക് അത് ലഭ്യമാക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രശ്നപരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങൾ ചേരുന്നത്. 14 ജില്ലകളിൽ നിന്നായി 260 വിഷയങ്ങൾ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241 വിഷയങ്ങൾ ജില്ലാതലത്തിൽത്തന്നെ പരിഹരിക്കും. മാലിന്യ നിർമാർജനത്തിന് അവബോധം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ്. 2021 നവംബർ ഒന്നിനു മുൻപ് സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കും. 2024ൽ അതിദരിദ്ര നിർമാർജനം 93 ശതമാനം പൂർത്തിയാക്കും. ലൈഫ് ഭവനപദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കൂടുതൽ നടപടി സ്വീകരിക്കും. മുതലപ്പൊഴിയിൽ അപകടം ഇല്ലാതാക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary: Kerala CM Pinarayi Vijayan's Press Meet - Live Updates