ADVERTISEMENT

തൊടുപുഴ∙ മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. കെട്ടിടങ്ങള്‍ പൊളിക്കാനും അനുവദിക്കില്ല. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിർദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘത്തെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, എതിരഭിപ്രായവുമായി സിപിഎം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നാറിൽ ദൗത്യസംഘം അനിവാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘മൂന്നാറിൽ ഇപ്പോൾ ദൗത്യസംഘത്തിന്റെ അനിവാര്യത ഇല്ലല്ലോ. അവിടെ ആരുടെയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാനല്ല കോടതി പറഞ്ഞത്. ഈ പറഞ്ഞ പ്രദേശങ്ങളിൽ മറ്റു മാർഗങ്ങളില്ലാതെ വീടുവച്ചും മറ്റും താമസിക്കുന്ന ആളുകളുണ്ടോയെന്നു പരിശോധിക്കാനാണ് കോടതി നിർദേശിച്ചത്. ആ പരിശോധനയ്ക്കായി വരുന്നവരാണോ ദൗത്യസംഘം? എല്ലാം ഇടിച്ചുപൊളിക്കുന്നതിനു വേണ്ടിയാണോ ദൗത്യസംഘം വരുന്നത്? അങ്ങനെയൊന്നുമില്ലല്ലോ. അതുകൊണ്ട് ഇടിച്ചുപൊളിക്കലൊന്നും നടക്കുന്ന കാര്യമല്ല. അവിടെ പൊളിക്കുന്ന പ്രശ്നമില്ലല്ലോ. നടക്കാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്?’’ – സി.വി.വർഗീസ് ചോദിച്ചു.

മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടു ദിവസത്തിനകം പുതിയ ദൗത്യസംഘത്തിനു രൂപം നൽകി ഉത്തരവിറക്കുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയതായും അതിൽ 70 കേസുകളിൽ അപ്പീൽ നിലവിലുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു. അപ്പീലുകളിൽ ജില്ലാ കലക്ടർ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷിക്കുന്ന കേസുകളിൽ കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതലയെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വീട് നിർമിക്കാൻ ഒരു സെന്റിൽ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ വിശദീകരിച്ചു.

English Summary: CPM Idukki district secretary against encroachment evacuation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com