യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടത്തിയത് വിഷപ്പാമ്പുകളും കാട്ടുപൂച്ചകളും; പിടികൂടി സിഐഡി
Mail This Article
മൈസൂരു∙ സിഐഡി ഫോറസ്റ്റ് സെൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് വിഷപ്പാമ്പുകളെയും കാട്ടുപൂച്ചകളെയും. 9 ഇനത്തിൽപ്പെട്ട പാമ്പുകളെയും 4 തരം പൂച്ചകളെയുമാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ട പാമ്പുകളെയും പൂച്ചകളെയും അനധികൃതമായി കൈവശം വച്ചതിന് സന്ദീപ് ഏലിയാസ് ദിപു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലാണ് സംഭവം.
4 മൂർഖൻ പാമ്പുകൾ, 2 കാട്ടുപാമ്പ്, 2 വെള്ളിക്കെട്ടൻ, ശംഖുവരയൻ, വരയൻ ചുരട്ട, ഒരു ചുരുട്ടുമണ്ഡലി (അണലി വര്‍ഗത്തിൽപ്പെട്ട പാമ്പ്), മഞ്ഞച്ചേര, നീർക്കോലി, മൂന്ന് മണ്ണൂലി തുടങ്ങിയ പാമ്പുകളെയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കൂടാതെ പാമ്പിൻ വിഷം എടുക്കുന്ന സാമഗ്രികളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
വിഷപ്പാമ്പുകൾക്കു പുറമെ വെരുകുകളെയും കാട്ടുപൂച്ചകളെയും കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ ചേര്‍ത്ത് ഇയാൾക്കെതിരെ കേസെടുത്തു.
English Summary: Illegal Wildlife Collection Revealed in Mysore Home - Snakes and Wildcats Found