ADVERTISEMENT

ന്യ‌ൂഡൽഹി∙ ലോക്സഭയിൽ ബിഎസ്‍പി അംഗം കുൻവർ ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയ എംപി രമേഷ് ബിധുരിക്ക് പുതിയ ചുമതലയുമായി ബിജെപി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ തിരഞ്ഞെടുപ്പു പ്രചാരണ പരുപാടികൾക്കു നേത‍ൃത്വം നൽകലാണു രമേഷ് ബിധുരിക്കു ബിജെപി നൽകിയിരിക്കുന്ന പുതിയ ചുമതല. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റാണു ടോങ്ക് മണ്ഡ‍ലത്തിലെ എംഎൽഎ. 

രമേഷ് ബിധുരിക്കു തിരഞ്ഞെടുപ്പു ചുമതല നൽകിയതിനെതിരെ രൂക്ഷ വിമർശനം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു. ബിധുരി പാർലമെന്റിൽ നടത്തിയ പരാമർശത്തിനുള്ള ബിജെപിയുടെ പ്രതിഫലമെന്നായിരുന്നു കപിൽ സിബൽ പുതിയ ചുമതലയെ വിശേഷിപ്പിച്ചത്. ‘‘വെറുപ്പിന് ബിജെപി പ്രതിഫലം നൽകും. പാർലമെന്റിലെ പ്രത്യേക സമ്മേളനത്തിൽ ഡാനിഷ് അലിക്കെതിരെ മോശമായി സംസാരിച്ചതിനു ബിധുരിക്ക് ലഭിച്ച പ്രതിഫലമാണിത്’’– കപിൽ സിബൽ പറഞ്ഞു. 

തൃണമൂൽ എംപി മഹുവ മൊയ്ത്രയും രൂക്ഷവിമർശനം ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) ടാഗ് ചെയ്ത മഹുവ മൊയ്ത്ര, ഇതാണോ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ സ്നേഹ യാത്രയെന്നായിരുന്നു ചോദിച്ചത്.

സൗത്ത് ഡൽഹി മണ്ഡലത്തിലെ എംപിയാണു ഗുജ്ജർ വിഭാഗക്കാരനായ ബിധുരി. കഴിഞ്ഞ തവണ ലോക്സഭയിലെത്തിയതു 3.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഏതാനും മാസം മുൻപു കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചു വാർ‍ത്തകൾ വന്നപ്പോൾ ബിധുരിക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന ചർച്ചയുണ്ടായിരുന്നു.

English Summary: BJP assign new role to Ramesh Bidhuri

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com