ADVERTISEMENT

1949ൽ ഐപിഎസും ഉരുളക്കിഴങ്ങിന്റെ ജനിതക ശാസ്ത്രത്തിൽ ഗവേഷണം നടത്താൻ യുനെസ്കോ ഫെലോഷിപ്പും ഒരുമിച്ചു കയ്യിൽ വന്നപ്പോൾ, ഡോ. എം.എസ്.സ്വാമിനാഥൻ ഇരുകയ്യും നീട്ടി സ്വീകരിച്ചത് ഗവേഷണത്തിനുള്ള അവസരമായിരുന്നു. പരീക്ഷണ ശാലകളോടായിരുന്നു എം.എസ്.സ്വാമിനാഥന് എന്നും പ്രിയം എന്നതിന് ചരിത്രം സാക്ഷി. ആസൂത്രണ കമ്മിഷൻ അംഗമായിരിക്കെയാണ്, 1981ൽ ഫിലിപ്പീൻസിലെ രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറലാകാൻ ഡോ. എം.എസ്. സ്വാമിനാഥനു ക്ഷണം ലഭിച്ചത്. അദ്ദേഹം അനുമതിതേടി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുന്നിലെത്തി.

‌‘ഗവേഷണത്തിന്റെ ഭാഗമാകാനുള്ള അങ്ങയുടെ ആഗ്രഹത്തെ മാനിക്കുന്നു, പക്ഷേ, ഇവിടെ അങ്ങയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്’– ഇന്ദിരാ ഗാന്ധി പറഞ്ഞു. ‘മാഡം പറയുന്നതു കേൾക്കുമ്പോൾ എനിക്കു പോകാൻ സമയമായെന്നു തോന്നുന്നു’ എന്നായിരുന്നു സ്വാമിനാഥന്റെ മറുപടി. ഇന്ദിരാ ഗാന്ധിക്ക് അദ്ഭുതമായി. 

‘ഞാൻ വേദനിപ്പിച്ചോ? ആത്മാർഥമായാണു പറഞ്ഞത്, അങ്ങ് ഒഴിവാക്കാൻ പറ്റാത്തയാളാണ്.’ ‘അതെ, തുടരണമെന്നു മറ്റുള്ളവർ പറയുമ്പോഴാണു സ്ഥാനമൊഴിയേണ്ടത്. അതുകൊണ്ടാണ് മറ്റൊരു ദൗത്യം ഏറ്റെടുത്ത് താങ്കളെയും രാജ്യത്തെയും സഹായിക്കാനുള്ള ഉചിതസമയം ഇതാണെന്നു തോന്നിയത്.’ ‘നിങ്ങളെ വേണമെന്നു മറ്റുള്ളവർ പറയുമ്പോഴാണു ഒഴിയേണ്ടത്, നിങ്ങൾ ഒഴിയണമെന്നു ജനം ആഗ്രഹിക്കുമ്പോഴല്ല. ഗഹനമായ വാക്കുകളാണിത്, അങ്ങേയ്ക്ക് എല്ലാ ആശംസകളും’– ഇന്ദിരാ ഗാന്ധി സ്വാമിനാഥനെ യാത്രയാക്കി.

ആരാണ് എം.എസ്.സ്വാമിനാഥൻ? അദ്ദേഹത്തിന്റെ ബന്ധു കൂടിയായ കൃഷി ശാസ്ത്രജ്ഞ ഡോ.രോഹിണി അയ്യർ, ‘ഡോ. എം.എസ്. സ്വാമിനാഥൻ, ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ ശിൽപി’ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

‘സ്വാമിനാഥനെ നിർവചിക്കുക അത്ര എളുപ്പമല്ല. ശാസ്ത്രജ്ഞൻ, ഭരണാധികാരി, പൊതുപ്രവർത്തകൻ, ദാർശനികൻ, തത്വചിന്തകൻ; സ്തുതിപാഠമല്ല. ഏതെങ്കിലുമൊരു ദോഷമുണ്ടോ എന്നു ചോദിച്ചാൽ, സഹായമഭ്യർഥിച്ചു ചെല്ലുന്നവരോട് ഇല്ല, വയ്യ എന്നു പറയാൻ കഴിയില്ല എന്നതാണ്. പൂർണശാന്തനായ അദ്ദേഹത്തിന്റെ സാമിപ്യം ചെല്ലുന്നവരുടെ പിരിമുറുക്കം കുറയ്ക്കും. ശ്രദ്ധയോടെ കേൾക്കും. ആ മൃദുശാലീനതയുടെ പുറംചട്ടയ്ക്കകത്ത് നിശ്ചയദാർഢ്യവും കിടയറ്റ ഇച്ഛാശക്തിയും അസാമാന്യ പ്രതിബന്ധതയുമുള്ള ഒരു വ്യക്തിത്വമുണ്ട്.

ഒരിക്കൽ ഒരു വിദേശ ജേണലിൽ സഹപ്രവർത്തകൻ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ സ്വാമിനാഥന്റെ പ്രബന്ധത്തിൽനിന്നുള്ള വിവരങ്ങളാണ് ഏറെയും എന്നു കണ്ടെത്തി. വിവരങ്ങളുടെ ഉറവിടംപോലും വെളിപ്പെടുത്തിയിരുന്നില്ല. ഒട്ടും ക്ഷോഭം പുറത്തു കാട്ടാതെ അദ്ദേഹം അഗ്രിക്കൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ല്രൈബറിയിൽ ഒരു നോട്ടീസിട്ടു: ‘പ്രബന്ധങ്ങൾ അതിന്റെ ഉടയവരുടെ സമ്മതത്തോടെ മാത്രമേ വായ്പ നൽകൂ.’

തമിഴ്നാട്ടിലും കേരളത്തിലുമായി ബാല്യം പകുത്തു വളർന്ന ഒരു കുട്ടനാട്ടുകാരൻ ബാലന് തഞ്ചാവൂരിലെയും കുട്ടനാട്ടിലെയും വയൽകാഴ്ചകൾ ഒരുപോലെ സമ്മാനിച്ചത് ഉത്തരംകിട്ടാത്ത ഒരു ചോദ്യം മാത്രമായിരുന്നു. ലോകത്തെ എല്ലാ മനുഷ്യരെയും ഊട്ടുന്നതു പാടത്തു പണിയെടുക്കുന്ന കറുത്ത കൈകളാണ്. എന്നിട്ടും ആ ഒട്ടിയ വയറുകൾക്ക് ഒരിക്കലും നിറച്ചുണ്ണാനാകാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണു കർഷകർ എന്നും ദരിദ്രരായി തുടരുന്നത്? ഈ ചോദ്യ‌ങ്ങൾക്ക് ഉത്തരം മാത്രമല്ല പരിഹാരവും കണ്ടെത്തിയ ഡോ. എം.എസ്. സ്വാമിനാ‌ഥന്റെ ഐതിഹാസിക ജീവിതത്തിൽ ഭാരതത്തിനു ലഭിച്ചത് അതിന്റെ പത്തായം നിറച്ച ഹരിതവിപ്ലവത്തിന്റെ നായകനെയായിരുന്നു.

ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്. സ്വാമിനാഥൻ 1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്താണു ജനിച്ചത്. കുംഭകോണം കാത്തലിക് ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവിതാംകൂർ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽനിന്നു ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്തു. തുടർന്ന് കോയമ്പത്തൂർ കാർഷിക കോളജിൽനിന്നു സ്വർണമെഡലോടെ ബിരുദം നേടി. ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) നിന്ന് അസോസിയേറ്റ്ഷിപ് കരസ്ഥമാക്കി. ഐപിഎസിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത് ഉപേക്ഷിച്ച് നെതർലൻഡ്സിൽ കാർഷിക ഗവേഷണത്തിനുള്ള യുനെസ്കോ ഫെലോഷിപ്പിനുള്ള ക്ഷണം സ്വീകരിച്ചു. 

എം.എസ്.സ്വാമിനാഥൻ (File Photo: Josekutty Panackal / Manorama)
എം.എസ്.സ്വാമിനാഥൻ (File Photo: Josekutty Panackal / Manorama)

ഒറീസയിലെ കട്ടക്കിലുള്ള കേന്ദ്ര നെല്ലുഗവേഷണ (CRRI) സ്ഥാപനത്തിൽ അസിസ്റ്റന്റ് ബൊട്ടാണിസ്റ്റായി ഒൗദ്യോഗിക ജീവിതത്തിൽ പ്രവേശിച്ചു. തുടർന്ന് ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) അസിസ്റ്റന്റ് സൈറ്റോജെനിസ്റ്റായി നിയമനം ലഭിച്ച അദ്ദേഹം 1961ൽ സസ്യശാസ്ത്ര വകുപ്പിന്റെ മേധാവിയായിത്തീർന്നു. 1966ൽ  ഐഎആർഐയുടെ ഡയറക്ടറായി. ഐഎആർഐ മേധാവിയായി 1972വരെ അദ്ദേഹം പ്രവർത്തിച്ച ആറുവർഷം കൊണ്ട് ഇന്ത്യയുടെ കൃഷിജാതകം തിരുത്തിയെഴുതപ്പെട്ടു. പട്ടിണിരാജ്യമായ ഇന്ത്യയുടെ ഗോതമ്പ് ഉൽപാദനത്തിൽ ചുരുങ്ങിയ കാലയളവിൽ വൻ വർധനവുണ്ടാക്കി രാജ്യത്തിനു മിച്ചധാന്യം ലഭ്യമാക്കിയപ്പോൾ ലോകത്തിന്റെ കണ്ണിൽ സ്വാമിനാഥൻ അദ്ഭുത മനുഷ്യനായി. സ്ഥാപനത്തിന്റെ വളർച്ചയിലും നാഴികക്കല്ലായ നാളുകളായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകനായി പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും, എം.എസ്.സ്വാമിനാഥൻ വിവാദങ്ങളുടെയും സന്തത സഹചാരിയായിരുന്നു. അദ്ദേഹത്തെ ഹരിതവിപ്ലവത്തിന്റെ പിതാവാക്കി മാറ്റി അദ്ദേഹം കണ്ടുപിടിച്ച സബർമതി സൊണേര എന്ന ഗോതമ്പ് ഇനത്തെക്കുറിച്ചുതന്നെ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. മെക്സിക്കൻ ഇനമായ സൊണേരയുടെയും ഇന്ത്യൻ ഇനമായ സബർമതിയുടെയും സങ്കരയിനമായി സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത സബർമതി സൊണേരയ്ക്കു സ്വാമിനാഥൻ അവകാശപ്പെടുന്ന ഗുണഗണങ്ങൾ ഒന്നും ഇല്ലെന്ന് അവകാശപ്പെട്ടത് ഇന്ത്യൻ കാർഷിക ഗവേഷണശാലയിലെ ശാസ്ത്രജ്ഞൻ വൈ.പി. ഗുപ്തയാണ്.

എം.എസ്.സ്വാമിനാഥൻ (File Photo: Arun Sreedhar / Manorama)
എം.എസ്.സ്വാമിനാഥൻ (File Photo: Arun Sreedhar / Manorama)

തനതു ഭാരതീയ െനല്ല് ഇനങ്ങളുടെ ജനിതക സവിശേഷതകൾ സ്വാമിനാഥൻ രാജ്യാന്തര നെല്ലുഗവേഷണ സ്ഥാപനത്തിനു ചോർത്തിക്കൊടുത്തു എന്ന ഗുരുതരമായ ആരോപണവുമായി ക്ലോഡ് അൽവാരിസ് 'ദ ഗ്രേറ്റ് ജീൻ റോബറി' എന്നപേരിൽ ഇലസ്ട്രേറ്റഡ് വീക്കിലിയിൽ കവർസ്റ്റോറി പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായിരുന്നു. ഇന്ത്യയിലെ 19000ത്തിലധികം നാടൻ നെൽവിത്തുകൾ സ്വാമിനാഥൻ ഐആർഐക്ക് കടത്തിക്കൊടുത്തു എന്നായിരുന്നു ആക്ഷേപം.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. വിനോദ് ഷാ 1972 മേയ്മാസം ആത്മഹത്യ ചെയ്തപ്പോൾ അദ്ദേത്തിന്റെ ആത്മഹത്യ കുറിപ്പിൽ സ്വാമിനാഥനെതിരെ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിലെ ചട്ടവിരുദ്ധമായ ഇടപാടുകളെക്കുറിച്ചും ശാസ്ത്രജ്ഞർക്ക് അർഹമായ സ്ഥാനമാനങ്ങൾ നിഷേധിക്കുന്നതായും സ്വാമിനാഥനെതിരെ പാർലമെന്റിലും സുപ്രീം കോടതിയിലും പരാതികൾ എത്തിയിട്ടുണ്ട്.

English Summary: Remembering MS Swaminathan, Father of India's Green Revolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com